ടൂറിൻ: ലോകത്ത് നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും വിലയേറിയ കാർ സ്വന്തമാക്കി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബുഗാട്ടി ലാ വൊച്യൂർ നോറെയാണ് യുവന്റസ് താരം സ്വന്തമാക്കിയതെന്ന് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. 11 ദശലക്ഷം യൂറോ (85.7 കോടി രൂപ) യാണ് ഈ കാറിന്റെ വിലയെ കരുതപ്പെടുന്നു. എന്നാൽ ബുഗാട്ടി ഇതേക്കുറിച്ച് ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലോകത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള കാറാണിത്. കാർ വാങ്ങണമെന്ന് ആരെങ്കിലും വിചാരിച്ചാലും പ്രയാസമാണ്. കാരണം ആകെ ഒരു ലാ വൊച്യൂർ നോറെ കാർ മാത്രമാണ് ബുഗാട്ടി നിർമിച്ചിട്ടുള്ളത്. കന്പനി സ്ഥാപിച്ചതിന്റെ 110-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് ലാ വൊച്യൂർ നോറെ പുറത്തിറക്കിയത്. മാർച്ചിൽ ജെനീവ മോട്ടോർ ഷോയിലായിരുന്നു പുറത്തിറക്കൽ.
ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ മുൻ ചെയർമാനും ഫെർഡിനാന്റ് പോർഷെയുടെ കൊച്ചുമകനുമായ ഫെർഡിനാൻഡ് പീച്ച് ഈ കാർ വാങ്ങിയെന്ന് നേരത്തെ വാർത്തകളിലുണ്ടായിരുന്നു. അത്യാഡംബര പൂർണമായ ഈ കാർ റൊണാൾഡോ സ്വന്തമാക്കിയെങ്കിലും ഇത് ഓടിക്കുവാൻ 2021 വരെ അദ്ദേഹത്തിന് കാത്തിരിക്കണം. കാറിന്റെ പ്രോട്ടോടൈപ്പിൽ ചില മിനുക്കുപണികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണിത്.
1936-നും 1938-നും ഇടയിൽ ബുഗാട്ടി നിർമിച്ച അതിപ്രശസ്തമായ കാറാണ് 57എസ്സി അറ്റ്ലാന്റിക്ക്. ഈ മോഡലിൽ വെറും നാലു കാറുകൾ മാത്രമാണ് ബുഗാട്ടി നിർമിച്ചത്. അതിന്റെ പരിഷ്ക്കരിച്ച രൂപമാറ്റമാണ് ലാ വൊച്യൂർ നോറെ.
ഫുട്ബോൾ ലോകത്തെ വിലയേറിയ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആഡംബര വാഹനങ്ങളുടെ അതിവിശാലമായ ശേഖരം സ്വന്തമായുണ്ട്. കഴിഞ്ഞ വർഷം ബുഗാട്ടി ഷിറോണ്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബുഗാട്ടി വെറോണ്‍, മെഴ്സിഡസ് സി ക്ലാസ് സ്പോട്ട് കൂപ്പെ, റോൾസ് റോയ്സ് ഫാന്റം, ഫെറാരി 599 ജിറ്റിഒ, ലംബോർഗിനി അവന്റൊഡോർ എൽപി700-4, ആസ്റ്റണ്‍ മാർട്ടിൻ ഡിബി9, ബെന്റ്ലി കോണ്ടിനെന്റൽ ജിടിസി സ്പീഡ് എന്നീ കാറുകൾ റൊണാൾഡോയുടെ കാർ ശേഖരത്തിൽ ഉൾപ്പെടുന്നു.