ലിസ്ബണ്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിലിം സ്റ്റുഡിയോ ആരംഭിച്ചു. യുആര്‍-മര്‍വ് എന്ന പേരിലാണ് സ്റ്റുഡിയോ ആരംഭിച്ചിരിക്കുന്നത്. ഹോളിവുഡ് സംവിധായകനായ മാത്യു വോണിനൊപ്പം ചേര്‍ന്നാണ് ക്രിസ്റ്റ്യാനോയുടെ പുതിയ സംരംഭം. മൂന്നു ഭാഗങ്ങളുള്ള ആക്ഷന്‍ ത്രില്ലറില്‍ റൊണാള്‍ഡോയും ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
‘പുതിയൊരു തുടക്കമാണ്. ബിസിനസ് ലോകത്തിലേക്കുള്ള പുതിയൊരു കാല്‍വയ്പ്പും’- യുആര്‍-മര്‍വ് സ്റ്റുഡിയോ ആരംഭിക്കുന്നത് അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കി. റൊണാള്‍ഡോയും മാത്യു വോണും ചേര്‍ന്ന് ഇതിനോടകം രണ്ട് സിനിമകള്‍ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. യുആര്‍-മര്‍വ് സ്റ്റുഡിയോയുടെ ആദ്യ റിലീസിംഗ് വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എക്സ് മെന്‍, ലെയര്‍ കേക്ക്, കിക്ക്-ആസ്, ദ കിംഗ്സ് മാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് മാത്യു വോണ്‍.
നാല്‍പ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു വേണ്ടിയാണ് കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ച റൊണാള്‍ഡോയുടെ പേരിലാണ് ക്ലബ് ഫുട്ബോളിലെയും (789) രാജ്യാന്തര ഫുട്ബോളിലെയും (136) ഗോള്‍ സ്കോറിംഗ് റിക്കാര്‍ഡ്.