ദോഹ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ (എഫ്പിഎഫ്).
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നതോടെയാണ് ലോകകപ്പ് ഉപേക്ഷിക്കുമെന്ന് റൊണാൾഡോ ഭീഷണിപ്പെടുത്തിയതായി വാർത്തകൾ വന്നത്.
പരിശീലകൻ ഫെർണാണ്ടോ സാന്റോസുമായുള്ള തർക്കത്തിനിടെ ലോകകപ്പ് ഉപേക്ഷിക്കുമെന്ന് താരം ഭീഷണിപ്പെടുത്തിയെന്ന് പോർച്ചുഗലിൽനിന്നുള്ള സ്പോർട്സ് പത്രമായ റിക്കോർഡ് റിപ്പോർട്ട് ചെയ്തു.
എന്നാൽ എഫ്പിഎഫ് ഇത് നിഷേധിച്ചു. ദേശീയ ടീം വിടുമെന്ന് റൊണാൾഡോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എഫ്പിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
സ്വിറ്റ്സർലൻഡിനെതിരെ റൊണാൾഡോയുടെ പ്രകടനം അദ്ദേഹത്തിന്റെ ടീമിനോടുള്ള പ്രതിബദ്ധതയുടെ പ്രകടനമാണെന്ന് എഫ്പിഎഫ് കൂട്ടിച്ചേർത്തു.
എന്നാൽ സ്വിറ്റ്സര്‍ലൻഡ് മത്സരത്തിനു ശേഷം സബ്സ്റ്റിറ്റ്യൂട്ടുകൾക്കായി നടത്തിയ പരിശീലനത്തില്‍ റൊണാള്‍ഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്.
ക്രിസ്റ്റ്യാനോ സബ്സ്റ്റിറ്റ്യൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തുടരുകയായിരുന്നുവെന്നും ഡെയ്ലി മെയിൽ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി താരം നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രീ ക്വാര്‍ട്ടർ മത്സരത്തിന്റെ മുക്കാല്‍ ഭാഗവും ക്രിസ്റ്റ്യാനൊ സൈഡ് ബെഞ്ചിലായിരുന്നു. 73-ാം മിനിറ്റിലാണ് ജാവോ ഫെലിക്സിനെ പിന്‍വലിച്ച് കോച്ച് ഫെര്‍ണാണ്ടോ സാന്റാസ് സൂപ്പര്‍ താരത്തെ കളത്തിലിറക്കിയത്.
അപ്പോഴേക്കും പോര്‍ച്ചുഗല്‍ സുരക്ഷിത തീരത്ത് എത്തിയിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് പകരം ഇറങ്ങിയ 21-കാരന് ഗോണ്‍സാലോ റാമോസ് ഹാട്രിക് ഗോളുമായി മത്സരത്തില്‍ തിളങ്ങുകയും ചെയ്തു.