മ്യൂണിക്ക്: ഏഴു മാസത്തെ ചാമ്പ്യൻസ് ലീഗ് ഗോൾവരൾച്ചക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റാണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ വീഴ്ത്തി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്റെ ജയം. ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ ബയേണിനെ രണ്ടാം പകുതിയിൽ റൊണാൾഡോ ഇരട്ടപ്രഹരത്തിലൂടെ വീഴ്ത്തുകയായിരുന്നു.
ചാവി മാർട്ടിനസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരായി ചുരുങ്ങിയ ബയേണിനെ 77-ാം മിനിറ്റിലാണ് റയൽ മറികടന്നത്. അർതുറോ വിദാൽ കളിയുടെ 25-ാം മിനിറ്റിൽ ബയേണിനെ മുന്നിലെത്തിച്ചു. തിയാഗോയെടുത്ത കോർണർ കിക്കിന് തലവച്ചാണ് വിദാൽ ബയേണിനെ മുന്നിലെത്തിച്ചത്.
എന്നാൽ പെനാൽറ്റി കിക്ക് പാഴാക്കി വിദാൽ ബയേണിന് ഇരട്ട ലീഡ് നേടാനുള്ള അവസരം തുലയ്ക്കുകയും ചെയ്തു. ഫ്രാങ്ക് റിബറിയുടെ ഷോട്ട് ബോക്സിനുള്ളിൽ ഡാനി കർവജാൽ കൈകൊണ്ട് തടുത്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. വിദാലെടുത്ത ഷോട്ട് ക്രോസ് ബാറിനുമുകളിലൂടെ മൂളിപ്പറന്നകന്നു.
ആദ്യപകുതിയിൽ ഒരു ഗോൾ കടവുമായി കയറിപ്പോയ റയൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കടംവീട്ടി. 47-ാം മിനിറ്റിൽ കർവജാൽ ബോക്സിന്റെ വലതുപാർശ്വത്തിൽനിന്നും ബോക്സിലേക്ക് മറിച്ച ക്രോസിനെ റൊണാൾഡോ ഗോളിലേക്ക് പറഞ്ഞയക്കുകയായിരുന്നു. 61-ാം മിനിറ്റിൽ ചാവി മാർട്ടിനസ് രണ്ടു മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതിനു ശേഷമാണ് റയൽ വിജയഗോൾ നേടിയത്.