ലിസ്ബണ്‍: രാജ്യാന്തര ഫുട്ബോൾ ഗോളടിയിൽ റിക്കാർഡുകാരനായ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വലകുലുക്കൽ തുടരുന്നു.
റിക്കാർഡ് ഗോൾ നേട്ടം റൊണാൾഡോ 112 ആക്കി പുതുക്കി. രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഖത്തറിനെതിരേ പോർച്ചുഗൽ 3-0നു ജയിച്ച മത്സരത്തിൽ സിആർ7ന്റെ വകയായി ഒരു ഗോളുണ്ടായിരുന്നു.
മത്സരത്തിന്റെ 37-ാം മിനിറ്റിൽ റൊണാൾഡോ നേടിയ ഗോളിൽ പോർച്ചുഗൽ ലീഡ് സ്വന്തമാക്കി. 46-ാം മിനിറ്റിൽ റൊണാൾഡോയെ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പിൻവലിച്ചു.
എങ്കിലും ഹൊസെ ഫോണ്ടെ (48’), ആന്ദ്രേ സിൽവ (90’) എന്നിവരിലൂടെ പോർച്ചുഗൽ രണ്ടു തവണകൂടി ഖത്തറിന്റെ വലകുലുക്കി.
യൂറോ രാജ
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച യൂറോപ്യൻ പുരുഷ താരമെന്ന റിക്കാർഡ് ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക്, 181 മത്സരങ്ങൾ.
ഖത്തറിനെതിരായ സൗഹൃദ മത്സരത്തിൽ ഇറങ്ങിയതോടെയാണിത്. സ്പാനിഷ് പ്രതിരോധതാരം സെർജിയൊ റാമോസിനെയാണ് (180) റൊണാൾഡോ പിന്തള്ളിയത്.
ലോകത്തിൽ അഞ്ചാം സ്ഥാനത്താണ് റൊണാൾഡോ ഇപ്പോൾ.