മാഞ്ചസ്റ്റർ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തകർപ്പൻ ജയം. യുണൈറ്റഡ് 3-2ന് ആഴ്സണലിനെ തോൽപ്പിച്ചു. ആവേശം നിറഞ്ഞ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമായതു റൊണാൾഡോയായിരുന്നു.
റൊണാൾഡോ ഇരട്ട ഗോളിലൂടെ 801 ഗോളിലെത്തി. ഇതോടെ രാജ്യത്തിനും ക്ലബ്ബിനുമായി ഔദ്യോഗിക കരിയർ ഗോളെണ്ണം 800 കടന്ന ആദ്യ കളിക്കാരനായി റൊണാ.
ഒലെ ഗണ്ണർ സോൾഷെയറെ മാറ്റിയശേഷം താത്കാലിക പരിശീലകനായി ചുമതലയേറ്റ മൈക്കിൾ കാരിക്കിന്റെ അവസാന മത്സരമായിരുന്നു. പുതിയ താത്കാലിക പരിശീലകനായി റാൾഫ് റാഗ്നിക് നിയമിതനായി.
കാരിക്കിന്റെ കീഴിൽ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ചപ്പോൾ ഒരണ്ണം സമനിലയായിരുന്നു. ക്ലബ്ബിൽ ഇനി തുടരുന്നില്ലെന്ന് മുൻ യുണൈറ്റഡ് താരം അറിയിച്ചു. യുണൈറ്റഡിന്റെ മുൻ താരവും പരിശീലകനുമായിരുന്ന സോൾഷെയർക്കു കാണികൾ അദ്ദേഹത്തിന്റെ പഴയ ജഴ്സി നന്പർ ഉയർത്തി ആദരം നൽകി.
13-ാം മിനിറ്റിൽ ആഴ്സണൽ വലകുലുക്കി. എമിൽ സ്മിത്ത് റോവിന്റെ വകയായിരുന്നു ഗോൾ. ഗോൾ വീണതോടെ യുണൈറ്റഡ് ശക്തമായി ആക്രമിച്ചു. 44-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് സമനില നേടി. ഗോൾ നേടാനുള്ള അടുത്ത ഊഴം റൊണാൾഡോയ്ക്കായിരുന്നു. 52-ാം മിനിറ്റിൽ പോർച്ചുഗീസ് താരം നേടിയ ഗോൾ കരിയറിലെ 800-ാമത്തെയായിരുന്നു.
എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ആഴ്സണൽ മാർട്ടിൻ ഒഡ്ഗാർഡിലൂടെ തിരിച്ചടിച്ചു. 70-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ റൊണാൾഡോ യുണൈറ്റഡിന്റെ ജയം ഉറപ്പിച്ചു. ജയത്തോടെ യുണൈറ്റഡ് ഏഴാം സ്ഥാനത്തെത്തി. 14 കളിയിൽ 21 പോയിന്റാണു മാഞ്ചസ്റ്റർ ക്ലബ്ബിന്. ഇത്രതന്നെ മത്സരങ്ങളിൽ 23 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ടോട്ടനം 2-0ന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു. ജയത്തോടെ ടോട്ടനം 22 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. സണ്‍ ഹ്യുംഗ് മിൻ മികച്ച പ്രകടനമാണു നടത്തിയത്. സെർജി കാനോസിന്റെ സെൽഫ് ഗോളിൽ ടോട്ടനം തുടക്കത്തിലേ മുന്നിലെത്തി. സണ്ണിന്റെ ക്രോസാണു കാനോസിന്റെ കാലിൽ തട്ടി സ്വന്തം വലയിൽ വീണത്. 65-ാം മിനിറ്റിൽ സണ്‍ ടോട്ടനത്തിന്റെ രണ്ടാം ഗോൾ നേടി.
ഔദ്യോഗിക ഗോൾപട്ടികയിലെ ആദ്യ പത്തുപേർ
1. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 1109 മത്സരങ്ങളിൽ801 ഗോൾ
2. പെലെ (ബ്രസീൽ) 840 മത്സരം- 765 ഗോൾ
3. ലയണൽ മെസി (അർജന്റീന) 986 മത്സരം- 765 ഗോൾ
4. റൊമാരിയോ (ബ്രസീൽ) 1000 മത്സരം- 753 ഗോൾ
5. ഫെറങ്ക് പുഷ്കാസ് (ഹംഗറി) 793 മത്സരം- 729 ഗോൾ
6. ജോസഫ് ബികാൻ (ചെക് റിപ്പബ്ലിക്) 621 മത്സരം- 720 ഗോൾ
7. ജിമ്മി ജോണ്‍സ് (വടക്കൻ അയർലൻഡ്) 637 മത്സരം-647 ഗോൾ
8. ഗേർഡ് മ്യുള്ളർ (ജർമനി) 793 മത്സരം- 634 ഗോൾ
9. യുസേബിയോ (പോർച്ചുഗൽ) 622 ഗോൾ
10. ജോ ബാംബ്രിക് (വടക്കൻ അയർലൻഡ്) 566 മത്സരം-616 ഗോൾ