മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ 50-ാം ഹാട്രിക് നേടിയ മത്സരത്തിൽ റയൽ മാഡ്രിഡിന് വന്പൻ ജയം. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റൊണാൾഡോയുടെ നാലു ഗോൾ ബലത്തിൽ റയൽ 6-3ന് ജിറോണിനെ കീഴടക്കി.
അത്ലറ്റിക്കോ മാഡ്രിഡിനെ വിയ്യാറയൽ 2-1നു കീഴടക്കിയതോടെ അത്ലറ്റിക്കോ ബിൽബാവോയെ 2-0നു മറികടന്ന ബാഴ്സലോണ ലീഗ് കിരീടത്തിലേക്ക് അടുത്തു. 29 കളികൾ പൂർത്തിയായപ്പോൾ ബാഴ്സയ്ക്ക് 75 പോയിന്റും അത്ലറ്റിക്കോയ്ക്ക് 64 പോയിന്റും റയൽ മാഡ്രിഡിന് 60 പോയിന്റുമാണുള്ളത്.
11, 47, 64, 90+1 മിനിറ്റുകളിലായിരുന്നു പോർച്ചുഗീസ് താരം റൊണാൾഡോയുടെ ഗോളുകൾ. മിന്നും ഫോമിലുള്ള റൊണാൾഡോ കഴിഞ്ഞ 11 മത്സരങ്ങളിൽനിന്നായി 21 ഗോളുകളാണ് റയലിനായി അടിച്ചുകൂട്ടിയത്.
ലൂകാസ് വസ്ക്വസ് (59-ാം മിനിറ്റ്), ഗാരെത് ബെയ്ൽ (86-ാം മിനിറ്റ്) എന്നിവർ റയലിന്റെ പട്ടിക പൂർത്തിയാക്കി. ക്രിസ്റ്റ്യൻ സ്താനി (29, 67 മിനിറ്റുകൾ), ജുആൻപ് (88-ാം മിനിറ്റ്) എന്നിവരാണ് ജിറോണിന്റെ ഗോൾ നേട്ടക്കാർ.
എനസ് ഉനലിന്റെ (82, 90+1 മിനിറ്റുകൾ) ഇരട്ട ഗോളാണ് വിയ്യാറയലിന് അത്ലറ്റിക്കോയ്ക്കെതിരേ 2-1ന്റെ ജയമൊരുക്കിയത്. 20-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അന്റോണിയ ഗ്രീസ്മാൻ മുന്നിലെത്തിച്ചതിനുശേഷമായിരുന്നു അത്ലറ്റിക്കോയുടെ പതനം.
പാകോ അൽകാസേർ (എട്ടാം മിനിറ്റ്), ലയണൽ മെസി (30-ാം മിനിറ്റ്) എന്നിവരായിരുന്നു ബാഴ്സയുടെ ഗോൾ നേടിയത്. ലീഗിൽ മെസിയുടെ 25-ാം ഗോളായിരുന്നു അത്.