നെവാഡ: ലൈംഗിക പീഡന പരാതിയിൽ യുവന്റസിന്റെ പോച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കുറ്റവിമുക്തൻ. തെളിവില്ലാത്തതിനാൽ താരത്തിനെതിരേ നടപടിക്കു കഴിയില്ലെന്നു നെവാഡയിലെ കോടതി വ്യക്തമാക്കി. ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ചില സംശയങ്ങൾ മാത്രമാണു നിലനിൽക്കുന്നതെന്നും കോടതി വിലയിരുത്തി.
അമേരിക്കൻ മോഡലായ കാതറിൻ മയോർഗയാണു റൊണാൾഡോയ്ക്കെതിരായ ആരോപണവുമായി രംഗത്തുവന്നത്. 2009-ൽ ലാസ് വേഗസിലെ ഹോട്ടൽ മുറിയിൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. പലതവണ എതിർത്തിട്ടും റൊണാൾഡോ തന്നെ ബലമായി ഉപദ്രവിച്ചെന്നും സംഭവം പുറത്തുപറയാതിരിക്കാൻ മൂന്നു കോടിയോളം രൂപ നൽകിയെന്നും ഇവർ പറഞ്ഞു.
എന്നാൽ കാതറിന്റെ ആരോപണം റൊണാൾഡോ നിഷേധിച്ചു. പ്രശസ്തിക്കുവേണ്ടിയുള്ള വ്യാജ ആരോപണമാണ് ഇതെന്നും തന്റെ ചെലവിൽ പ്രശസ്തയാവാനുള്ള ശ്രമമാണെന്നും റൊണാൾഡോ പറഞ്ഞു. കാതറിന്റെ അനുമതിയോടെയുണ്ടായ ബന്ധമാണെന്നും അദ്ദേഹം സമ്മതിച്ചു. വാർത്ത പുറത്തുവിട്ട ജർമൻ മാഗസിൻ ഡെർ സ്പീഗനെതിരെ നോട്ടീസ് അയക്കുമെന്ന് റൊണാൾഡോയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നു റയൽ മാഡ്രിഡിലേക്കു മാറുന്ന സമയത്തായിരുന്നു സംഭവം നടക്കുന്നത്. ലാസ് വേഗസിലെ നിശാക്ലബ്ബിൽ റൊണാൾഡോയും അവിടെ ജീവനക്കാരിയായിരുന്ന യുവതിയും ഒന്നിച്ചുള്ള ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.