ടൂറിൻ: ഇറ്റാലിയൻ ലീഗില്‍ യുവന്റസിന്റെ കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകമായ ടൂറിനില്‍ ഫ്രോസിനോണിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് യുവന്റസ് കീഴടക്കി. മിന്നുന്ന ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവെയുടെ വിജയത്തിൽ നെടുംതൂണായത്.
ആറാം മിനിറ്റിൽ പൗളോ ഡിബാലയാണ് യുവന്റസിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. റൊണാൾഡോയുടെ അസിസ്റ്റിലായിരുന്നു ഗോളിനുള്ള അവസരം ഒരുങ്ങിയത്. 17-ാം മിനിറ്റിൽ ബൊനൂചിയിലൂടെ യുവെ രണ്ടാം ഗോൾ നേടി. 63-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. ലീഗിലെ ഗോൾവേട്ടയിൽ മുന്നിലുള്ള റൊണാൾഡോയുടെ 19-ാം ഗോളായിരുന്നു പിറന്നത്.
ജയത്തോടെ 66 പോയിന്റുമായി യുവന്റസ് ബഹുദൂരം മുന്നിലെത്തി. ലീഗിൽ രണ്ടാമതുള്ള നപ്പോളിക്ക് 52 പോയിന്റാണുള്ളത്.