കാൽയെറി (ഇറ്റലി): വാസ്തവം ഇതാണ്, ഫുട്ബോൾ കളത്തിൽ ഒൗദ്യോഗിക ഗോൾ നേട്ട റിക്കാർഡിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ബ്രസീൽ ഇതിഹാസം പെലെയെ മറികടന്നു.
മുന്പും ഈ വാർത്ത ലോകത്താകമാനം ആഘോഷിച്ചെങ്കിലും അതല്ല വാസ്തവമെന്നാണ് പെലെയും റൊണാൾഡോയും വ്യക്തമാക്കുന്നത്.
ഒൗദ്യോഗിക ഗോൾ നേട്ട കണക്കിൽ പെലെയ്ക്ക് 767 ഗോളുകൾ ആണ് ഉണ്ടായിരുന്നത്.
ഇറ്റാലിയൻ സീരി എയിൽ കാൽയെറിക്കെതിരായ എവേ പോരാട്ടത്തിൽ യുവന്റസിനായി ഹാട്രിക് നേടിയതോടെ രാജ്യത്തിനും ക്ലബ്ബിനുമായി റൊണാൾഡോ നേടിയ ഗോൾ എണ്ണം 770 ആയി.
ഈ നേട്ടത്തിനു പിന്നാലെ റൊണാൾഡോയെ പ്രശംസിച്ച് പെലെ സമൂഹമാധ്യമങ്ങളിൽ അഭിനന്ദന സന്ദേശം പങ്കുവച്ചു. ഒൗദ്യോഗിക ഗോൾ എണ്ണത്തിൽ പെലെയെ മറികടന്നതായി റൊണാൾഡോയും സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
10, 25 (പെനൽറ്റി), 32 മിനിറ്റുകളിലായിരുന്നു കാൽയെറിക്കെതിരേ റൊണാൾഡോ വലകുലുക്കിയത്. കരിയറിൽ (രാജ്യത്തിനും ക്ലബ്ബിനുമായി) റൊണാൾഡോയുടെ 57-ാം ഹാട്രിക്കാണിത്.
മത്സരത്തിൽ യുവന്റസ് 3-1നു ജയിച്ചു. മറ്റു മത്സരങ്ങളിൽ ഇന്റർ മിലാൻ 2-1നു ടൊറിനൊയെ കീഴടക്കിയപ്പോൾ എസി മിലാൻ 1-0ന് നാപ്പോളിയോട് പരാജയപ്പെട്ടു.
ഇന്റർ മിലാൻ (65 പോയിന്റ്), എസി മിലാൻ (56), യുവന്റസ് (55) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ജനുവരിയിൽ സംഭവിച്ചത്
ജനുവരിയിലാണ് റൊണാൾഡോ ഗോൾ നേട്ടത്തിൽ പെലെയെ മറികടന്നതായുള്ള വാർത്തകൾ ആളിപ്പടർന്നത്. പെലെയുടെ പേരിൽ ഉണ്ടായിരുന്ന 757 ഗോൾ മറികടന്നപ്പോഴായിരുന്നു അത്.
759 ഗോൾ നേടിയ ചെക്-ഓസ്ട്രിയൻ താരം ജോസഫ് ബിക്കാനെയും തുടർന്ന് റൊണാൾഡോ പിന്തള്ളി. അതോടെ ലോകത്തിൽ ഏറ്റവും അധികം ഗോളുള്ള താരമായി റൊണാൾഡോ മാറി.
എന്നാൽ, പെലെയുടെ ഒൗദ്യോഗിക ഗോൾ എണ്ണം 767 ആയിരുന്നു എന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി. ജോസഫ് ബിക്കാന്റെ പേരിൽ 821 ഗോളുണ്ടെന്ന് ചെക് ഫുട്ബോൾ അസോസിയേഷനും അറിയിച്ചു.
ഒൗദ്യോഗിക ഗോൾ കണക്ക് ഫിഫയുടെ കൈവശമില്ലെന്നതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം.
ആശ്ലേഷിക്കാൻ സാധിച്ചിരുന്നെങ്കിൽ…
എന്റെ ഒൗദ്യോഗിക ഗോൾ റിക്കാർഡ് മറികടന്നതിന് അഭിനന്ദനങ്ങൾ. നിന്റെ കളി കാണുന്നത് എനിക്കേറെ ഇഷ്ടമാണെന്നതു രഹസ്യമല്ലല്ലോ. നിന്നെയൊന്നു കെട്ടിപ്പിടിച്ച് അഭിനന്ദിക്കാൻ സാധിച്ചില്ലെല്ലോ എന്നതാണ് എന്റെ ഇപ്പോഴത്തെ സങ്കടം.
നിന്നോടുള്ള ബഹുമാനാർഥം, വളരെ വാത്സല്യത്തോടെ, നിരവധി വർഷങ്ങളായി നിലനിൽക്കുന്ന ഒരു സുഹൃദ്ബന്ധത്തിന്റെ പ്രതീകമായി ഞാനീ ചിത്രം പങ്കുവയ്ക്കുന്നു, റൊണാൾഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പെലെ സമൂഹമാധ്യമത്തിൽ കുറിച്ചു.
സ്വപ്നം കാണാത്ത നേട്ടം: റൊണാൾഡോ
ഇന്ന്, ഞാൻ പ്രഫഷനൽ കരിയറിലെ 770-ാമത് ഗോൾ സ്വന്തമാക്കി. എനിക്കാദ്യം സംസാരിക്കാനുള്ളത് പെലെയെക്കുറിച്ചാണ്.
പെലെയുടെ കളിയെക്കുറിച്ചും ഗോളുകളെയും നേട്ടങ്ങളെയും കുറിച്ചും കേൾക്കാത്ത ഒരു കളിക്കാരനും ലോകത്തുണ്ടാവില്ല, ഞാനും അങ്ങനെ തന്നെ.
അതുകൊണ്ട്, പെലെയുടെ റിക്കാർഡ് മറികടന്ന് ലോകത്തിലെ ഗോൾ സ്കോറിംഗ് ലിസ്റ്റിലെ മുകളിലെത്തുന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
മെദീരയിൽ ബാല്യകാലം ചെലവഴിച്ച ഞാൻ ഒരിക്കലും സ്വപ്നം കാണാത്ത നേട്ടമായിരുന്നു ഇത്.
സാവോപോളോ സ്റ്റേറ്റ് ടീമിനു വേണ്ടി പെലെ നേടിയ ഒന്പത് ഗോളുകളും ബ്രസീലിയൻ മിലിട്ടറി ടീമിനുവേണ്ടി നേടിയ ഒരു ഗോളും ഒൗദ്യോഗിക ഗോളുകളായി കണക്കാക്കുന്പോൾ 767 ഗോളുകൾ അദ്ദേഹം നേടിയെന്നാണ് ഞാൻ മനസിലാക്കുന്നത്.
അതുകൊണ്ടാണ് പെലെയുടെ റിക്കാർഡ് മറികടന്നെന്ന വാർത്തകളോട് മുന്പ് പ്രതികരിക്കാതിരുന്നത്- റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.