ലിസ്ബണ്‍: 2020 യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ഗ്രൂപ്പ് ബിയില്‍ രണ്ടാമതും സമനില. സ്വന്തം ആരാധകര്‍ക്കു മുന്നില്‍ കളിച്ച പോര്‍ച്ചുഗല്‍ നിരവധി അവസരങ്ങള്‍ നഷ്ടമാക്കിയാണ് സെര്‍ബിയയോട് 1-1ന് സമനില വഴങ്ങിയത്.
ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റു മടങ്ങി. ഹാംസ്ട്രിംഗ് പരിക്കെന്നാണ് സൂചനകള്‍. ഒന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ കളത്തില്‍ മടങ്ങിയെത്താമെന്ന പ്രത്യാശ താരം രേഖപ്പെടുത്തി.
ഏഴാം മിനിറ്റില്‍ ഡുസാന്‍ ടാഡിക്കിന്റെ പെനല്‍റ്റിയില്‍ സെര്‍ബിയ മുന്നിലെത്തി. 42-ാം മിനിറ്റില്‍ ഡാനിലോയുടെ ലോംഗ് റേഞ്ചര്‍ പോര്‍ച്ചുഗലിന് സമനില നല്കി.
മറ്റൊരു മത്സരത്തില്‍ പിന്നില്‍നിന്ന യുക്രെയ്ന് 2-1ന് ലക്സംബര്‍ഗിനെ തോല്‍പ്പിച്ചു.
ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം യുക്രെയ്നുമായി ഗോള്‍രഹിത സമനിലയാകുകയായിരുന്നു. ഗോള്‍കീപ്പര്‍ റൂയി പാട്രിസിയോ മിജാറ്റ് ഗാസിനോവിച്ചിനെ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി.
പോര്‍ച്ചുഗല്‍ നിരവധി അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും സെര്‍ബിയന്‍ ഗോളി മാര്‍കോ ദിമിത്രോവിച്ചിന്റെ പ്രകടനം നിലവിലെ ചാമ്പ്യന്മാരെ തടഞ്ഞുനിര്‍ത്തി. എന്നാല്‍ ഡാനിലോയുടെ ലോംഗ് റേഞ്ചര്‍ തടയാന്‍ ഗോളിക്കായില്ല.