മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. റയല്‍ സോസിദാദിനെതിരേ നേടിയ 5-2ന്റെ അനായാസ ജയത്തോടെ റയല്‍ ബുധനാഴ്ച പാരി സാന്‍ ഷെര്മയിനെതിരേയുള്ള ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഒരുങ്ങിത്തന്നെയാണ് വെളിപ്പെടുത്തി.
ഇന്നലെ നടന്ന മത്സരത്തിൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള ബാഴ്സലോണയെ ഗെറ്റഫെ ഗോൾരഹിത സമനിലയിൽ കുരുക്കി. മാഡ്രിഡിലാണ് യൂറോപ്പിലെ കരുത്തരായ റയാല്‍ മാഡ്രിഡും പിഎസ്ജിയും ഏറ്റുമുട്ടുന്നത്.
സ്വന്തം സാന്റിയാഗോ ബര്ണാബു സ്റ്റേഡിയത്തില്‍ ആദ്യ മിനിറ്റ് മുതല്‍ റയല്‍ മാഡ്രിഡ് ആധിപത്യം നേടി. ആദ്യ പകുതി തീര്‍ന്നപ്പോള്‍ റയല്‍ നാലു ഗോളിന് മുന്നിലെത്തി. ആദ്യ മിനിറ്റിനുള്ളില്‍ ലൂകാസ് വാസ്ക്വെസിന്റെ ഗോള്‍, റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍, പിന്നെ ടോണി ക്രൂസിന്റെ തകര്‍പ്പനൊരു ഗോളുമായപ്പോള് ആദ്യ പകുതിയില്‍തന്നെ റയല്‍ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ പിറന്ന മൂന്നു ഗോളില്‍ രണ്ടെണ്ണം സോസിദാദ് നേടി. ജോന് ബൗറ്റിസ്റ്റയും മുന്‍ റയല്‍ മധ്യനിര താരം അസിയര്‍ ഇലാറമെന്ഡിയുമാണ് ഗോള്‍ നേടിയത്. ഇതിനിടെ റൊണാള്‍ഡോ ഹാട്രിക് തികച്ചു.
ലാ ലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ റയല്‍ പോയിന്റ് നിലയില്‍ 42 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി. ഇപ്പോഴും ഒന്നാമതുള്ള ബാഴ്സലോണയുമായി 16 പോയിന്റിന്റെയും രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി 10 പോയിന്റിന്റെയും വ്യത്യാസമാണുള്ളത്. പിഎസ്ജിക്കെതിരേയുള്ള മത്സരത്തിന് മുമ്പുള്ള മത്സരമായതുകൊണ്ട് സിദാന് ശക്തമായ നിരയെയാണ് ആദ്യ പകുതിയില്‍ ഇറക്കിയത്.
പകരക്കാരുടെ ബെഞ്ചില്‍ ഇസ്കോ, കസേമിറോ, ഗാരത് ബെയ്ൽ എന്നിവരുമുണ്ടായിരുന്നു. ലാ ലിഗയിലെ കിരീടം നിലനിര്‍ത്താമെന്ന മോഹം ഒരു പരിധിവരെ കഴിഞ്ഞയാഴ്ച ലെവന്റെയ്ക്കെതിരേയുള്ള 2-2ന്റെ സമനിലയോടെ അവസാനിച്ചിരുന്നു. ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഗംഭീര പ്രകടനം നടത്തുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ റയല്‍ 47-ാം സെക്കന്‍ഡില്‍ സോസിദാദിന്റെ വലയില്‍ നിറയൊഴിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച 33-ാം ജന്മദിനമാഘോഷിച്ച റൊണാള്‍ഡോ ഇടതു പാര്‍ശ്വത്തില്‍നിന്നു നല്കിയ പന്തില്‍ വാസ്ക്വെസിന്റെ ഹെഡര്‍ സോസിദാദിന്റെ വല കുലുക്കി. കളി അര മണിക്കൂറിലെത്തും മുമ്പേ റൊണാള്‍ഡോ ഗോള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. മാഴ്സലോ ഇടതുവശത്തുനിന്ന് നല്കിയ പന്തില്‍ ബോക്സിനുള്ളില്‍നിന്ന റൊണാള്‍ഡോയ്ക്ക് കാലുവയ്ക്കേണ്ടതേ ഉണ്ടായിരുന്നുള്ളു.
വൈകാതെതന്നെ പെനാല്‍റ്റി ബോക്സിനു തൊട്ടരികില്‍നിന്ന് ക്രൂസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ജെറോമിനോ റൂലിയുടെ തലയ്ക്കു മുകളിലൂടെ വലയിലായി. വാസ്ക്വെസിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍. ഈ സമയങ്ങളില്‍ റയല്‍ ഗോള്‍കീപ്പര്‍ കെയ്ലര് നവാസിന് ഭീഷണി ഉയര്‍ത്താന്‍ തക്ക ഷോട്ട് പോയിക്കാന്‍ സോസിദാദിനായില്ല. 37-ാം മിനിറ്റില്‍ ഹെഡറിലൂടെ റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടി. ലൂക്ക മോഡ്രിച്ചെടുത്ത കോര്‍ണറില്‍നിന്നാണ് ഗോള്‍ പിറന്നത്.
രണ്ടാം പകുതിയില്‍ സോസിദാദില്നിന്ന് മികച്ച നീക്കങ്ങളെത്തി. 74-ാം മിനിറ്റില്‍ ബൗറ്റിസ്റ്റയിലൂടെ സോസിദാദ് ഒരു ഗോള്‍ മടക്കി. ഗോളടി നിര്‍ത്താന്‍ തയാറാകാതെ പൊരുതിയ റൊണാള്‍ഡോ ഹാട്രിക് തികച്ചു. 83-ാം മിനിറ്റില്‍ സോസിദാദ് ഇലാറമെന്ഡിയിലൂടെ രണ്ടാം ഗോള്‍ നേടി.
അത്ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് മലാഗയെ തോല്പിച്ചു. കളി തുടങ്ങി 39 സെക്കന്‍ഡില്‍ ആന്റോണി ഗ്രീസ്മാന്റെ ഗോളാണ് അത്ലറ്റിക്കോയ്ക്കു ജയമൊരുക്കിയത്. ബാഴ്സലോണ-ഗെറ്റഫെ മത്സരം ഗോൾരഹിത സമനിലയായി.