ബർലിൻ: പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചു. പോർച്ചുഗീസ് പത്രമായ റിക്കാർഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2009 മുതൽ റൊണാൾഡോ റയലിലായിരുന്നു.
റൊണാൾഡോ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ഫ്രഞ്ച് മധ്യനിരതാരമായ പോൾ പോഗ്ബയും 1,108 കോടി രൂപയുമാണ് റൊണാൾഡോയുടെ ട്രാൻസ്ഫർ മൂല്യമെന്നും ലണ്ടനിൽനിന്നുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഫലം വർധിപ്പിക്കണമെന്ന റൊണാൾഡോയുടെ അഭ്യർഥന റയൽ ബോസ് ഫ്ലോറന്റീനോ പെരസ് മാനിച്ചില്ലെന്നതാണ് റൊണാൾഡോ റയൽ വിടാനുള്ള കാരണം എന്നാണ് റിപ്പോർട്ട്. റൊണാൾഡോ പണത്തിന്റെ പിറകെ പോകുന്നില്ല, പക്ഷെ കൂടുതൽ അംഗീകാരം ഇഷ്ടപ്പെടുന്നു, എന്നാൽ പ്രതിഫലം കൂട്ടാതെ വരുന്പോൾ ഒരു കൂടുമാറ്റത്തിനായി പ്രേരിപ്പിക്കപ്പെടുന്നു എന്നും പത്രം പറയുന്നു.
സ്പാനിഷ് ക്ലബ്ബായ റയലിന്റെ ഉടമകളും റൊണാൾഡോയുെട കണ്‍സൾട്ടന്റായ ജോർജ് മെൻഡസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിഫലമായ 21 മില്യണ്‍ ഡോളറിൽനിന്ന് (141 കോടി രൂപ) 37 മില്യണ്‍ യൂറോയായി (294 കോടി രൂപ) ഉയർത്തണമെന്നാണ് റൊണാൾഡോ ആവശ്യപ്പെടുന്നത്. എന്നാൽ, റയൽ 30 മില്യൺ യൂറോ (239 കോടി രൂപ) കൊടുക്കാനേ തയാറായുള്ളൂ.
അഞ്ചു ലോകഫുട്ബോളർ പുരസ്കാരം പോർച്ചുഗീസ് താരം നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനൊപ്പം നാലു പ്രാവശ്യവും ഒരു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും ചാന്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുണ്ട്. 2016 ലെ യൂറോ കപ്പിൽ റൊണാൾഡോയുടെ മികവിലാണ് പോർച്ചുഗൽ ചാന്പ്യന്മാരായത്. 2003 മുതൽ 2009വരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നു റൊണാൾഡോ.