റോം: അപ്രതീക്ഷിത നീക്കത്തിലൂടെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് സൂപ്പർ താരം റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടു. ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്കാണ് റൊണാൾഡോ ചുവട് മാറിയിരിക്കുന്നത്. 805 കോടി രൂപയ്ക്ക് നാല് വർഷത്തേക്കാണ് കരാർ.
ലോകകപ്പിൽ പ്രീക്വാർട്ടറിൽ പോർച്ചുഗലിന്റെ തോൽവിയെ തുടർന്ന് ഗ്രീസിൽ കുടുംബ സമേതം അവധി ആഘോഷിക്കുകയാണ് റൊണാൾഡോ ഇപ്പോൾ. ഇവിടെയെത്തിയാണ് യുവന്റസ് അധികൃതർ കരാർ ഒപ്പിട്ടത്. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയ്ക്കാണ് റോണോയെ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് അർജന്റീനയുടെ ഹിഗ്വയിനു വേണ്ടിയാണ് (75.3 ദശലക്ഷം യൂറോ) യുവന്റസ് റിക്കാർഡ് തുക ചെലവാക്കിയത്.
2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നാണ് റൊണാൾഡോ റയിലിൽ എത്തുന്നത്. അന്ന് 80 മില്യൻ യൂറോയായിരുന്നു കരാർ തുക. ലോകത്തിലെ മികച്ച ഫുട്ബോളർക്കുള്ള ബാലന് ഡി ഓര് പുരസ്കാരം അഞ്ച് തവണ നേടിയ താരമാണ് റൊണാൾഡോ. കഴിഞ്ഞ സീസണിൽ ലാലിഗയിൽ റയൽ മൂന്നാം സ്ഥാനത്തെത്തിയതിനെ തുടർന്ന് റൊണാൾഡോയുമായി ക്ലബ് പ്രസിഡന്റ് പെരസ് അകൽച്ചയിലായിരുന്നു.