മിലാന്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് കരിയറിലെ 600-ാമത്തെ ഗോളില്‍ സീരി എ ചാമ്പ്യന്മാരായ യുവന്റസ് സാന്‍ സിറോയില്‍ ഇന്റര്‍ മിലാനുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞയാഴ്ച അവസാനം യുവന്റസ് സീരി എ ഫുട്ബോള്‍ കിരീടം തുടര്‍ച്ചയായ എട്ടാം തവണയും നേടിയിരുന്നു.
ഏഴാം മിനിറ്റില്‍ ഇന്റര്‍ മിഡ്ഫീല്‍ഡര്‍ റഡ്ജ നയന്ഗോലന്റെ തകര്‍പ്പന്‍ ഷോട്ട് യുവന്റസിനെ പിന്നിലാക്കി. ബോക്സിനു പുറത്തുനിന്ന് പായിച്ച പന്ത് വലയില്‍ കയറുന്നത് നോക്കി നില്‍ക്കാനേ യുവന്റസ് കളിക്കാര്‍ക്ക് സാധിച്ചുള്ളൂ. 62-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ സുന്ദരമായ ഫിനിഷിംഗിലൂടെ യുവന്റസ് സമനില നേടി. ലീഗില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ 20-ാമത്തെ ഗോളായിരുന്നു.
ക്ലബ് കരിയറില്‍ റൊണാള്‍ഡോയുടെ 600-ാമത്തെ ഗോളായിരുന്നു. റയല്‍ മാഡ്രിഡിനായി 450, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118, യുവന്റസിനായി 27, അഞ്ചെണ്ണം സ്പോര്‍ടിംഗ് ലിസ്ബണിനായി. ബാഴ്സലോണയ്ക്കായി 598 ഗോളുമായി ലയണല്‍ മെസി പിന്നിലുണ്ട്. 34 കളിയില്‍ യുവന്റസിന് 88 പോയിന്റുണ്ട്. ഇത്രതന്നെ മത്സരങ്ങളില്‍ 62 പോയിന്റുമായി ഇന്റര്‍ മൂന്നാം സ്ഥാനത്താണ്.
ഇറ്റലിയിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായ യുവന്റസ്-ഇന്റര്‍ പോരാട്ടം ഇറ്റലിയന്‍ ഡെര്‍ബി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ററിന്റെ ഗ്രൗണ്ടിലെത്തിയ യുവന്റസിനെ കളിയാക്കിക്കൊണ്ടുള്ള പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ അയാക്സിനോടേറ്റ തോല്‍വിയെ ഉദ്ദേശിച്ച് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയുടെ കട്ടൗട്ടുകളില്‍ ഗെയിം ഓവര്‍ എന്ന വാക്കുകള്‍ ഇന്റര്‍ ആരാധകര്‍ കുറിച്ചു. മറ്റൊരു മത്സരത്തില്‍ എഎസ് റോമ 3-0ന് കാളിയാരിയെ തോല്പിച്ച് നാലാം സ്ഥാനത്തെത്തി.