തലയുയർത്തിപ്പിടിക്കാൻ, നെഞ്ചുവിരിച്ചു നടക്കാൻ ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്ക് ഒരു കാരണം കൂടി… അതെ, ലോകത്ത് ആദ്യമായി ഇൻസ്റ്റഗ്രാമിൽ 200 മില്യണ്‍ (20 കോടി)ഫോളോവേഴ്സിനെ നേടിയതിന്റെ ഖ്യാതി ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സ്വന്തം.
ഫോട്ടോ – വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിന്റെ ഒൗദ്യോഗിക പേജിനു ലോകമെന്പാടുമായി 330 മില്യണ്‍ ഫോളോവേഴ്സ് മാത്രമുള്ളപ്പോഴാണ് പോർച്ചുഗലിന്റെ ‘പോരാട്ടവീര്യം’ ഈ നേട്ടം സ്വന്തമാക്കിയതെന്നതു ശ്രദ്ധേയം. “നന്ദി, ഏവർക്കും.. എന്നോടൊപ്പം ഈ യാത്രയിൽകൂടെനിന്നതിന്, പങ്കുവച്ചതിന് ’’- താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെ(173 മില്യണ്‍),ഹോളിവുഡ് താരം ഡ്വയിൻ ജോണ്സൻ (170 മില്യണ്‍ ), ഗായിക സലീന ഗോമസ് (167 മില്യണ്‍) എന്നിവരാണ് ഫോളോവേഴ്സിന്റെ എണ്ണത്തിൽ ക്രിസ്റ്റ്യാനോയ്ക്കു തൊട്ടുപിന്നിലുള്ളവർ. അർജന്റൈൻ ഫുട്ബോൾ താരം ലയണൽ മെസിക്ക് 148 മില്യണ്‍ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിലുള്ളത്.
ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവുമധികം വരുമാനം നേടുന്ന വ്യക്തിയും ക്രിസ്റ്റ്യാനോയാണ്. കന്പനികളുടെയും മറ്റും പരസ്യമുള്ള ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും ക്രിസ്റ്റ്യാനോയ്ക്ക് 9,00,000 യൂറോ ലഭിക്കുന്നതായി ഇൻസ്റ്റഗ്രാം മാർക്കറ്റിംഗ് കന്പനിയായ ഹോപ്പർ എച്ച്ക്യു നടത്തിയ പഠനത്തിൽ പറയുന്നു. അതായത്, പ്രതിവർഷം ഇൻസ്റ്റഗ്രാമിൽനിന്നു മാത്രം ക്രിസ്റ്റ്യാനോയ്ക്കു ലഭിക്കുന്ന വരുമാനം 48 മില്യണ്‍ യൂറോയോളം വരും.
മെസിയാണ് ഇൻസ്റ്റഗ്രാമിലൂടെയുള്ള വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 23.3 മില്യണ്‍ യൂറോയാണ് താരത്തിന് പ്രതിവർഷം ഇൻസ്റ്റഗ്രാമിലൂടെ ലഭിക്കുന്നത്. ഫേസ്ബുക്കിൽ ഏറ്റവുമധികം ഫോളോവേഴ്സും ലൈക്കുമുള്ള കായികതാരമെന്ന റിക്കാർഡും ക്രിസ്റ്റ്യാനോയുടെ പേരിലാണ്.