ലിസ്ബണ്‍: യുഫേഫ നേഷന്‍സ് ലീഗില്‍ പോളണ്ടിനെതിരേയുള്ള മത്സരത്തില്‍നിന്നും ഇതിനുശേഷം സ്കോട്ലന്ഡിനെതിരേയുള്ള സൗഹൃദ മത്സരത്തില്‍നിന്നും പോര്‍ച്ചുഗീസ് നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുറത്ത്.
മാനഭംഗ കേസില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്നാണ് സൂപ്പര്‍ താരം പുറത്തായിരിക്കുന്നത്. 2009 ല്‍ ലാസ് വേഗാസില്‍ വച്ച് ക്രിസ്റ്റ്യാനോ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയയാക്കിയെന്ന് വെളിപ്പെടുത്തലുമായി 34 കാരിയായ അമേരിക്കന്‍ യുവതി രംഗത്തു വന്നിരുന്നു.
എന്നാല്‍ ഈ ആരോപണം താരം നിഷേധിച്ചിരുന്നു. പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസാണ് റൊണാള്‍ഡോയെ പുറത്താക്കിയ വിവരം പത്ര സമ്മേളനത്തിലൂടെ അറിയിച്ചത്. എന്നാല്‍, ഇതുതന്നെയാണോ കാരണം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വെയോടു തോറ്റു പുറത്തായശേഷം പോര്‍ച്ചുഗലിന്റെ മത്സരങ്ങളില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല. നവംബറില്‍ ഇറ്റലി, പോളണ്ട് ടീമുകള്‍ക്കെതിരേയുള്ള മത്സരത്തിലും റൊണാള്‍ഡോ ഉണ്ടാകില്ലെന്നും സാന്റോസ് പറഞ്ഞു.