വെല്ലിംഗ്ടണ്‍: ന്യൂസീലൻഡിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലൂക്ക് റോഞ്ചി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കളി മതിയാക്കുന്നതെന്ന് റോഞ്ചി വ്യക്തമാക്കി. എന്നാൽ ആഭ്യന്തര മത്സരങ്ങളിൽ തുടരുമെന്ന് 36കാരനായ റോഞ്ചി വ്യക്തമാക്കി.
2013ലാണ് ന്യൂസിലൻഡിനായി റോഞ്ചി അരങ്ങേറ്റം കുറിച്ചത്. നാല് ടെസ്റ്റുകളിലും 67 ഏകദിനങ്ങളിലും 32 ട്വന്റി-20യിലും റോഞ്ചി കിവീസിനായി കളിച്ചു. 2015 ലോകകപ്പ് ഫൈനൽ വരെയത്തിയ ന്യൂസീലൻഡ് ടീമിൽ അംഗമായിരുന്നു റോഞ്ചി.
2014-15ൽ ഡുനെഡിനിൽ ശ്രീലങ്കക്കെതിരെ 99 പന്തിൽ പുറത്താകാതെ 170 റണ്‍സ് നേടിയത് റോഞ്ചിയുടെ വെടിക്കെട്ട് പ്രകടനമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയക്കു വേണ്ടിയാണ് ലൂക്ക് റോഞ്ചി അരങ്ങേറ്റം കുറിച്ചത്. 2008-2009 വർഷങ്ങളിൽ ഓസീസിനായി നാല് ഏകദിനങ്ങളും മൂന്ന് ട്വൻറി-20യും കളിച്ചിട്ടുണ്ട്. പിന്നീട് സ്വദേശമായ ന്യൂസിലൻഡിലേക്ക് റോഞ്ചി തിരിച്ചുവരികയായിരുന്നു.