വാഷിംഗ്ടണ്‍: ഒഹിയോയിൽ കാമുകിയുടെ മൂന്നു വയസുള്ള കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ നാൽപ്പത്തിമൂന്നുകാരന്റെ വധശിക്ഷ നടപ്പാക്കി. 1993ൽ ഷെയ്ല മരിയ ഇവാൻസ് എന്ന മൂന്നുവയസുകാരിയെ അതിക്രൂരമായി കൊന്ന കേസിൽ പ്രതിയായ റൊണാൾഡ് ഫിലിപ്സി(43)ന്റെ വധശിക്ഷ ജൂലൈ 26ന് രാവിലെ 4.30 ലൂക്കസ് വില്ലയിലെ സതേണ്‍ ഒഹിയോ കറക്ഷണൽ ഫെസിലിറ്റിയിൽ വിഷം കുത്തിവച്ചാണു നടപ്പാക്കിയത്.
കുഞ്ഞിനെ തലയ്ക്കടിയ്ക്കുകയും ഭിത്തിയിലേക്ക് എറിയുകയും ചെയ്തശേഷം ലൈംഗികപീഡനത്തിനിരയാക്കിയാണു കൊന്നത്.
കുഞ്ഞിന്റെ ബന്ധുക്കൾ വധശിക്ഷ നടപ്പാക്കുന്നതിനു സാക്ഷികളായി. ചെയ്തുപോയ തെറ്റിൽ പശ്ചാത്തപിക്കുന്നുവെന്നും തന്നോടു പൊറുക്കണമെന്നും റൊണാൾഡ് പറഞ്ഞു. വിഷമരുന്നു കുത്തിവച്ചു പത്തു മിനിറ്റിനുള്ളിൽ റൊണാൾഡിന്റെ മരണം അധികൃതർ സ്ഥിരീകരിച്ചു.
കുറ്റകൃത്യം നടക്കുന്പോൾ തനിക്കു 19 വയസു മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കാട്ടി റൊണാൾഡ് സമർപ്പിച്ച അവസാന അപ്പീൽ ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയതോടെയാണു വധശിക്ഷയ്ക്കു കളമൊരുങ്ങിയത്. മൂന്നു വർഷത്തിനുള്ളിൽ ആദ്യമായാണ് ഒഹിയോയിൽ വധശിക്ഷ നടപ്പാക്കുന്നത്. മുന്‍പു ശിക്ഷ നടപ്പാക്കാനുപയോഗിച്ച മരുന്ന് അതിനുതകുന്നതല്ലെന്നു പരാതി ഉയർന്നിരുന്നു. കഴിഞ്ഞ തവണ മരുന്നു കുത്തിവച്ച പ്രതി ഏറെ ശാരീരീക ആസ്വസ്ഥതകൾ പ്രകടിപ്പിച്ചശേഷമാണു മരണത്തിനു കീഴടങ്ങിയത്.
മൂന്നുവർഷത്തിനുശേഷം ആദ്യമായിട്ടാണ് ഒഹായോയിൽ വധശിക്ഷ നടപ്പിലാക്കുന്നത്. വിഷമിശ്രതത്തിന്റെ ലഭ്യത കുറവായിരുന്നതിനാലും മിശ്രിതം കുത്തിവെച്ചു നടപ്പാക്കുന്ന വധശിക്ഷ ക്രൂരമായതിനാലും പലതവണ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി വിലക്കിയിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതി വധശിക്ഷയ്ക്കുള്ള അനുമതി നൽകിയതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ