തലയോലപ്പറന്പ്: പഞ്ചായത്ത് ഓഫീസിനു സമീപത്തുകൂടി വെയിലേറ്റ് തളർന്നു കടന്നു പോകുന്നവർക്ക് ദാഹജലം നൽകി സാന്ത്വനമേകാൻ വഴിയോരത്ത് മോരും വെളളമായി സഹോദരങ്ങൾ.
തലയോലപ്പറന്പ് പഞ്ചായത്ത് ഓഫീസിനുസമീപം വാടക വീട്ടിൽ താമസിക്കുന്ന പുലിക്കോട്ടിൽ ജോസഫിന്റെയും ഡെയ്സിയുടേയും മക്കളായ പ്ലസ് ടു വിദ്യാർഥിനി റോസ് മേരി, റോണി എന്നിവരാണ് വഴിപോക്കരുടെ ദാഹമകറ്റുന്നത്. തലയോലപ്പറന്പ് മർച്ചന്റ് അസോസിയേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിന്റെയും വാഹന ഡ്രൈവറാണ് ജോസഫ്.
അഞ്ചു വർഷം മുന്പ് വേനൽ അവധിക്കാലത്ത് വീടിനു മുന്നിലൂടെ നടന്ന് അവശരായി പോകുന്ന വയോധികരെ കണ്ടപ്പോൾ ദാഹമകറ്റാൻ വെള്ളം നൽകിയപ്പോൾ അവർക്കുണ്ടായ ആശ്വാസത്തിന്റെ കണ്തിളക്കം കണ്ടാണ് റോസ്മേരി കുടിനീർ വിതരണം ആരംഭിക്കാൻ തീരുമാനിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപ്പരനായ ജോസഫ് മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തു. തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ഉപയോഗിച്ച് അഞ്ചുവർഷമായി വേനലവധിക്കാലത്ത് ജോസഫും ഭാര്യ ഡെയ്സിയും മോരും വെള്ളമുണ്ടാക്കി മക്കൾക്ക് നൽകുന്നു. രാവിലെ 11 മുതൽ ഇവർ മോരും വെള്ളം വിതരണം ആരംഭിക്കും.
ഹൃദയത്തിൽ നന്മയുടെ വറ്റാത്ത ഉറവ സൂക്ഷിക്കുന്ന റോസ് മേരിയുടേയും റോണിയുടേയും സമീപത്തെത്തി ദാഹമകറ്റുന്നവരുടെ എണ്ണം ദിനംപ്രതി ഏറുന്പോൾ ഒരുനാടു മുഴുവൻ ഇവരെ സ്നേഹത്താൽ പൊതിയുന്നു.