rനവാസ് മേത്തർ
തലശേരി: ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യ കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ റൂബിനെ (19) തിരെ തലശേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പ്രതിയെ തേടി സിഐ കെ.സനൽ കുമാർ, എഎസ് ഐ സഹദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ആന്ധ്രയിലേക്കും കർണാടകയിലേക്കും തിരിച്ചു.
കഴിഞ്ഞ മാസം 27 ന് പ്രതി റൂബിൻ ഒമർ ബെലേനൊ കാറിൽ കർണാടക അതിർത്തി കടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റുബിൻ ബംഗളൂരു വഴി ഹൈദരാബാദിലേക്കു കടന്നതായിട്ടാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന.
ഈ റൂട്ടിലെ പ്രധാന ചെക്ക് പോസ്റ്റുകളിലെയെല്ലാം സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് കൊണ്ടാണ് പോലീസ് മുന്നോട്ടു നീങ്ങുന്നത്.
പോലീസ് ഉദ്യോഗസ്ഥൻ
പ്രതിക്ക് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ഉപദേശം നൽകുന്നത് പ്രതിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്ന ആരോപണവും ഉയരുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ഉദ്യോഗസ്ഥന്റെ ഇടപെടലുകളെക്കുറിച്ച് പ്രതിയുടെ ദേശവാസികളാണ് ആരോപണം ഉന്നയിക്കുന്നത്.
പ്രതിയെ രക്ഷിക്കാനുള്ള ഈ ഉദ്യോഗസ്ഥന്റെ ഇടപെടൽ സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രതിയുടെ പാനൂർ, മത്തിപറമ്പ് പ്രദേശങ്ങളിലെ ബന്ധുവീടുകളിലും പോലീസ് റെയ്ഡ് നടത്തി.
എംപി വീട്ടിലെത്തി
ഇതിനിടയിൽ കെ.മുരളീധരൻ എംപി കൊല്ലപ്പെട്ട ഫറാസിന്റെ വീട് സന്ദർശിച്ചു. സംഭവം നടന്ന് ഇരുപത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തതു സംബന്ധിച്ച് ഫറാസിന്റെ ബന്ധുക്കൾ എംപിയോട് പരാതി പറയുകയും നിവേദനം നൽകുകയും ചെയ്തു.
നരഹത്യ കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ചുവെന്നു പോലീസ് സംശയിക്കുന്ന കുയ്യാലിയിലെ ബന്ധുവിന് ഹൃദയസംബന്ധമായ അസുഖമുള്ളതായി കാണിച്ച് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറെ പോലീസ് ചോദ്യംചെയ്യും. ഹൃദ്രോഗിയാണെന്നും 15 ദിവസം പൂർണ വിശ്രമം ആവശ്യമാണന്നുമാണ് ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിലുളത്.
എന്നാൽ, സർട്ടിഫിക്കറ്റ് ലഭിച്ചയാൾ എല്ലാ ദിവസവും നഗരത്തിലൂടെ വാഹനത്തിൽ കറങ്ങുന്നതിന്റെ സിസിടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.
പൂർണ ആരോഗ്യത്തോടെ കാണപ്പെട്ട ഇയാൾക്ക് പൂർണ വിശ്രമം നിർദ്ദേശിച്ച് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് പോലീസ് പറഞ്ഞു. ജൂലൈ 20 ന് രാത്രിയാണ് ഫറാസ് കൊല്ലപ്പെട്ടത്.