അടിമാലി: റോഡ് നിർമാണം വൈകുന്നു. പൊടി ശല്യത്താൽ പൊറുതിമുട്ടി കഴിയുകയാണ് അടിമാലി പ്രിയദർശിനി കോളനിക്കു സമീപമുള്ള കുടുംബങ്ങൾ. റോഡിലെ കുഴി നികത്താൻ മാസങ്ങൾക്കുമുന്പ് മണ്ണ് കൊണ്ടിറക്കിയതുമുതൽ തുടങ്ങിയ പൊടി ശല്യത്തിനാണ് അറുതിയില്ലാത്തത്. വാഹനങ്ങൾ കടന്നുപോകുന്നതോടെ പ്രദേശമാകെ പൊടിപടലം മൂടും. സദാസമയവും വാതിലുകളും ജനാലകളും അടച്ചിട്ടില്ലെങ്കിൽ വീടുകൾക്കുള്ളിലും പൊടി നിറയും.
പൊടിശല്യം രൂക്ഷമായതോടെ ക്ക്കൈുഞ്ഞുങ്ങൾക്കടക്കം പനിയും ജലദോഷവും വിട്ടുമാറുന്നില്ല. വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്തുമുതൽ കളക്ടറേറ്റിൽവരെ കുടുംബങ്ങൾ പരാതി നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. തങ്ങളുടെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവാത്തതാണെന്നും മണ്ണ് നീക്കംചെയ്യുകയോ റോഡുനിർമാണം അടിയന്തരമായി പൂർത്തിയാക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടിമാലി ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളെ ബന്ധിപ്പിച്ചാണ് പൊളിഞ്ഞപാലം ഫാത്തിമമാത സ്കൂൾ റോഡ് കടന്നുപോകുന്നത്. കഴിഞ്ഞ നാലുവർഷമായി പൊടിശല്യം രൂക്ഷമായ പ്രിയദർശിനി കോളനിക്കു സമീപമുള്ള ഭാഗത്ത് യാതൊരു നിർമാണജോലികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്കൂൾ ബസുകൾക്കടക്കം കടന്നുപോകാൻ ബുദ്ധിമുട്ടേറിയതോടെയാണ് പ്രദേശത്ത് മണ്ണ് കൊണ്ടിറക്കി കുഴി നികത്തിയത്. എന്നാൽ മഴ മാറിയതോടെ പ്രദേശത്തെ വീടുകൾ ഉപേക്ഷിച്ചുപോകേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.