പ്രിയ സദാചാരക്കാരേ…നിങ്ങളുടേതല്ല ഈ ലോകം! ഏകയായ സ്ത്രീയെ സംശയദൃഷ്ടിയോടു മാത്രം നോക്കുന്നവരുടെ മുഖത്തടിച്ച് “റൂഹാനി’…
കാലം ഇത്ര പുരോഗമിച്ചിട്ടും കപടസദാചാരക്കാരുടെ കടന്നു കയറ്റത്തിന് ഇന്നും അവസാനമില്ല. തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍ ഇത്തരക്കാരുടെ ഇഷ്ടവിഷയമാണ്.
ഇവിടെ അഗ്നിപരീക്ഷയിലകപ്പെടുന്നത് സുലു എന്ന വീട്ടമ്മയാണ്. അവള് ഒരു പ്രതീകം മാത്രമാണ്.
സമൂഹത്തിന്റെ ഇന്നലകളില്‍ തന്റെ മാനത്തിനും സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വിലങ്ങായ ആണധികാരങ്ങള്ക്കുള്ള തക്കതായ മറുപടി.
സമൂഹത്തിന്റെ സംശയദൃഷ്ടിയില്‍ ചഞ്ചലചിത്തനായ ശ്രീരാമനു മുന്നില്‍ പരിശുദ്ധിയും പാതിവൃത്യവും തെളിയിച്ച സീത, സ്ത്രീത്വത്തിന്റെ അന്തസും അഭിമാനവും വെടിയാന്‍ കൂട്ടാക്കാതെ ഭൂമി പിളര്‍ന്ന് അന്തര്ദാനം ചെയ്യുകയായിരുന്നു.
മാനവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് കണ്ണകിയുടെ താപവും കോപവും മുല പറിച്ചെറിഞ്ഞ് മധുര നഗരത്തെ ശാപത്തിലാഴ്ത്തിയത്.
സ്വന്തം മാറിടം മറയ്ക്കാന്‍ രാജാവിന് കരം നല്കേണ്ടിവരുന്ന ദുര്വ്യവസ്ഥയെ ചോദ്യം ചെയ്താണ് നങ്ങേലിയും ജീവന് ത്യജിച്ചത്.
സീതയും കണ്ണകിയും നങ്ങേലിയും കടന്നുപോയ സമാന വഴികളിലൂടെ സുലുവിനും സഞ്ചരിക്കേണ്ടിവരുന്നു.
എന്നാല്‍ അവള് ദുരന്തപര്യവസാനമായ കഥയിലേക്ക് കൂപ്പുകുത്താതെ സ്ത്രീത്വത്തെ തലയെടുപ്പോടെ ആണധികാരത്തിനു മേല്‍ പടുത്തുയര്‍ത്തി.
ഭര്‍ത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നാടുവിട്ടപ്പോള്‍ തനിച്ചാ യിപ്പോയതാണ് സുലു. എന്നാല്‍ അവള്‍ക്കത് തന്റെ സ്വാതന്ത്ര്യത്തിലേക്ക്, സ്വപ്നങ്ങളിലേക്ക്, തന്റെ സ്വത്വത്തിലേക്കുള്ള തിരിച്ചറിവായിരുന്നു ആ ഒറ്റപ്പെടല്‍.
എന്നാല്‍ സദാചാരത്തിന്റെ കൂരമ്പുമായി ചിലര്‍ അവിടെയുമെത്തി. അവര്‍ അവളെ ചോദ്യം ചെയ്തു, മുഷ്ക് കാട്ടി വിറപ്പിച്ചു.
ആത്മാഭിമാനത്തെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു. ആ വെല്ലുവിളികളെയെല്ലാം ഒരു പൊട്ടിച്ചിരിയോടെ അവള് തട്ടിത്തെറിപ്പിക്കുന്നു. അതേ, അവള് റൂഹാനിയായി മാറുകയായിരുന്നു…
അവള് ഉടയാടകള്‍ വലിച്ചെറിയുന്നത് സദാചാരത്തിന്റെ തീഷ്ണക്കണ്ണുള്ളവരുടെ മുഖത്തേക്കാണ്! അവള് റൂഹാനി, പ്രതീക്ഷയറ്റിട്ടും അസ്തമിക്കാതെ ജ്വലിക്കുന്ന ഉദയം.
മാധ്യമ പ്രവര്ത്തകൻ ലിജിന്‍ കെ. ഈപ്പന് രചനയും സംവിധാനവും നിര്‍വഹിച്ച് പാട്ടുപെട്ടി മ്യൂസിക്കല്‍ എന്ന ചാനലിലൂടെ യൂടൂബില്‍ റിലീസ് ചെയ്ത റൂഹാനി ഷോര്‍ട് ഫിലിം പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ പുതിയ അധ്യായം കുറിക്കുകയാണ്.
ചിത്ര ബാബു ഷൈന്‍ സുലുവായും സാജിദ് റഹ്മാന് രാജന് പൊതുവാള് എന്ന വില്ലന്‍ കഥാപാത്രത്തേയും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ആശ രാജ്, പ്രദീപ് ഗോപി, ജവിന്‍ കോട്ടൂര്‍, മനോജ് ഉണ്ണി, ഷിജോ പൊന്‍കുന്നം, മഹേഷ് പിള്ള, സിജു സി മാത്യു എന്നിവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്.
അമേച്ചി എന്റര്ടെയ്ന്മെന്സും ഡ്രീം റീല്‍സ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രത്തിനു ഛായാഗ്രഹണവും എഡിറ്റിംഗും വിനീത് ശോഭനും സൗണ്ട് റെക്കോര്‍ഡിംഗും മിക്സിംഗും ശ്രീജേഷ് ശ്രീധരന് നിര്‍വഹിച്ചിരിക്കുന്നു. സജിത്ത് ശങ്കറാണ് ചിത്രത്തിനന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.