മങ്കൊമ്പ്: കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ടുമൂലം മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ദുരിതമാണ് പ്രദേശവാസികൾക്ക് അനുഭവിക്കേണ്ടി വരുന്നത്. ദുരന്തങ്ങൾ ആവര്‍ത്തിച്ചിട്ടും, നെല്‍ക്കൃഷിയില്ലാത്തപ്പോഴും നിയന്ത്രിത പമ്പിംഗ് വേണമെന്ന ആവശ്യത്തോട് അധികാരികള്‍ വേണ്ടവിധം പ്രതികരിക്കുന്നില്ലെന്നു പരാതി.
വെള്ളക്കെട്ടുദുരിതങ്ങളൊഴിവാകുന്നതിനുവേണ്ടിയാണ് കുട്ടനാട്ടില്‍ പലരും രണ്ടാംകൃഷിക്കു മുതിരുന്നത്.പാടശേഖരത്തിനുള്ളില്വീടുള്ളവർ രണ്ടാംകൃഷിക്കുവേണ്ടി ആഗ്രഹിച്ചാലും, തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന കര്‍ഷകരുടേയും പാടശേഖരസമിതികളുടേയും താല്പര്യം അങ്ങനെ ആയിക്കൊള്ളണമെന്നില്ല. പലകാരണങ്ങള്‍കൊണ്ടും അവര്‍ രണ്ടാംകൃഷി വേണ്ടെന്നുവയ്ക്കുകയാണ് പതിവ്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മടവീഴ്ചാസാധ്യതയും നഷ്ടക്കണക്കുകളുമൊക്കെ മുന്നില്‍കണ്ട് ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നവരെ കുറ്റപ്പെടുത്താനുമാവില്ല. കഴിഞ്ഞവര്‍ഷം വെള്ളംകവിഞ്ഞുകയറി കൃഷിനശിച്ച കാവാലം കിഴക്കേചേന്നംകരിയിലെ കോഴിച്ചാല്വടക്കുപാടശേഖരത്തില് ഇപ്പോള്‍ സംഭവിക്കുന്നതും അതുതന്നെയാണ്. ഇത്തവണ ഇവിടെ രണ്ടാംകൃഷിയില്ല.
പമ്പിംഗ് നടക്കുന്നുമില്ല. പാടശേഖരത്തിനുള്ളിലെ പലറോഡുകളും വീട്ടുമുറ്റങ്ങളുമെല്ലാം ഇതിനോടകം വെള്ളത്തില്‍ മൂടിക്കഴിഞ്ഞു. കോവിഡുകാലമാണെങ്കിലും രോഗാതുരമായ സാഹചര്യമാണിവിടെ നിലനില്‍ക്കുന്നത്. വഴിയേത് കുഴിയേത് എന്നറിയാതെ വെള്ളത്തിലൂടെ നീന്തിപ്പോകുന്നവര് അപകടത്തില്‍പെടുന്നത് ചിലപ്പോഴെങ്കിലും ദുരന്തങ്ങള്‍ക്കു കാരണമാകുന്നു.
കോഴിച്ചാല്‍ പാടശേഖരത്തിന്റെ തെക്കേബണ്ടിലെ താമസക്കാരിയായിരുന്ന കുറപ്പശേരി വത്സമ്മ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വെള്ളക്കെട്ടില്‍ വീണുമരിക്കാനിടയായത് ഇത്തരത്തിലൊരു ദുരന്തമായിരുന്നു. അപകടമുണ്ടാകുന്നതിന് ഏതാനും ആഴ്ചകള്ക്കുമുന്പ് ആലപ്പുഴ കളക്ട്രേറ്റിലെത്തി സുരക്ഷിതനടപ്പാതയുള്പ്പെടെയുള്ള കാര്യങ്ങള്‍ക്കുവേണ്ടി അപേക്ഷനല്‍കി മടങ്ങിയ വീട്ടമ്മയാണിത്.
ദുരന്തമുണ്ടായതിനു പിന്നാലെ, മന്ത്രിമാരും മറ്റും ഇടപെട്ട് തോടിന്റെ കല്‍ക്കെട്ടു നവീകരിക്കാന്‍ കെഎല്ഡിസിയെ ചുമതലപ്പെടുത്തിയിരുന്നു. കെഎല്‍ഡിസി ഉദ്യോഗസ്ഥര്‍ ഒന്നുരണ്ടുതവണ സ്ഥലം സന്ദര്‍ശിച്ചെങ്കിലും അടുത്തവെള്ളപ്പൊക്കകാലമായിട്ടും നടപടികളിലേക്കു കടന്നിട്ടില്ല.
നാട്ടുകാരുടെ അപേക്ഷകളിന്മേല് വ്യത്യസ്തവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പ്രാരംഭനടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും ഫലപ്രദമായ ഏകോപനത്തിന്റെയും തുടര്‍നടപടികളുടേയും അഭാവം മൂലം, ഈ പ്രദേശത്തിനായുള്ള വികസനപദ്ധതികളെല്ലാം തന്നെ ചുവപ്പുനാടകളില്‍ കുരുങ്ങുകയാണ്.
കുട്ടനാട് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഡച്ച്മാതൃകയിലുള്ള നദിക്കൊരിടം (റൂം ഫോര്‍ റിവർ) നിര്‍ദേശത്തിന്റെ ചുവടുപിടിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍ സമീപനാളുകളില്‍ ആരംഭിച്ചിട്ടുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം. കൃഷ്ണപുരം നാരകത്തറ തോടിന്റെ ആഴംകൂട്ടല്‍ പദ്ധതിയോടുബന്ധപ്പെടുത്തി കല്‍ക്കെട്ടിന്റെ തീര്‍ത്തും പൊളിഞ്ഞുകിടക്കുന്ന ഭാഗങ്ങളുടെ നവീകരണമാണിപ്പോള്‍ നടന്നുവരുന്നത്.
ഇറിഗേഷന്‍ വകുപ്പിനു കീഴിലാണ് പദ്ധതി. കെഎല്‍ഡിസിയുടെ നിര്‍ദിഷ്ട കല്ക്കെട്ടുനവീകരണവും നടപ്പാതനിര്മാണവും ഇതോടുചേര്‍ന്നു പോയെങ്കില്മാത്രമേ ചെലവഴിക്കപ്പെടുന്ന ഫണ്ടിന്റെ യഥാര്ഥപ്രയോജനം പ്രദേശവാസികള്‍ക്കു ലഭിക്കാനിടയുള്ളൂ. നിലവിൽ നടന്നുപോകാന്‍ ബുദ്ധിമുട്ടുള്ള ബണ്ടിലെ നടപ്പാതയിലേക്ക് തോട്ടല്നിന്നുള്ള ചെളി കോരിവച്ചാല് നാട്ടുകാരുടെ ദുരിതം വര്‍ധിക്കാനാണു സാധ്യത.
മഴക്കാലത്തു ചെളിവീണ്ടും തോട്ടിലേക്കൊലിച്ചിറങ്ങിയാല് ഫണ്ട് പാഴാകുമെന്നല്ലാതെ ആർക്കും പ്രയോജനമൊന്നും ലഭിക്കാനിടയില്ല. കൃഷ്ണപുരം മുതല്‍ നാരകത്തറ കലുങ്കുവരെയുള്ള ബണ്ടിന്റെ മുഴുവന്‍ ഭാഗങ്ങളും കല്ലു കെട്ടിയുയര്‍ത്തി നടപ്പാത നവീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ബണ്ട്നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായാല്‍ പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. സര്‍ക്കാര്‍ നല്കിയ മോട്ടോര്‍ അടക്കമുള്ള സൗകര്യങ്ങളും വലിയകുഴപ്പമില്ലാത്ത പുറംബണ്ടുകളുമൊക്കെ ഇപ്പോള്‍ തന്നെ സ്വന്തമായുള്ള പാടശേഖരമായതിനാല്‍ ഇത്തവണയിവിടെ നിയന്ത്രിതപമ്പിംഗ് നടപ്പാക്കാനും ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
കൃഷിക്കാരുടെ താല്പര്യങ്ങളെക്കാളുപരി പ്രദേശവാസികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ജീവനും വിലകല്‍പ്പിച്ച്, നിയന്ത്രിത പമ്പിംഗിന് അധികൃതര്‍ നിര്‍ദേശം നല്‍കുമെന്ന പ്രതീക്ഷയിലാണവർ.