2018ലെ മഹാപ്രളയത്തിനു ശേഷം ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയതായിരുന്നു നെതര്‍ലന്‍ഡ് യാത്ര.
താഴ്ന്നു കിടക്കുന്ന പ്രദേശമായ നെതര്‍ലന്‍ഡ് എങ്ങനെയാണ് പ്രളയത്തെ അതിജീവിക്കുക എന്ന് പഠിക്കാനാണ് പിണറായിയും സംഘവും നെതര്‍ലന്‍ഡിലെത്തിയത്.
അവിടെ ചെന്ന് പ്രളയത്തെ അതിജീവിക്കാന്‍ സഹായകമായ ‘റൂം ഫോര്‍ ദി റിവര്‍’ എന്ന സാങ്കേതിക വിദ്യയും പിണറായി പഠിച്ചെടുത്തു.
എന്നാല്‍ നെതര്‍ലന്‍ഡില്‍ നിന്ന് തിരികെയെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ച് പഠിച്ച വിദ്യ നടപ്പാക്കാന്‍ മുഖ്യമന്ത്രിയ്ക്കായിട്ടില്ല.
നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
അന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്കാന് കേരളത്തിലെത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്.
കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ ക്രമക്കേടും വിവാദവുമാണ് ഇത്രയും കാലതാമസത്തിന് കാരണമായത്.
മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തില്‍ സഹായിച്ച ഹസ്കോണിങ് കണ്‍സള്‍ട്ടിങ്ങിനെ റീ ബില്‍ഡ് കേരളയുടെ പ്രളയപ്രതിരോധ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ടെന്‍ഡറില്‍ ഉള്‍പ്പെടുത്താന്‍ ചീഫ്സെക്രട്ടറി വിശ്വാസ് മേത്ത ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ സഹായിച്ചതുകൊണ്ട് ഈ കമ്പനിയെ കണ്‍സള്‍ട്ടന്‍സി പട്ടികയില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിശ്വാസ് മേത്ത കുറിപ്പെഴുതിയെന്നാണ് ആരോപണമുയര്‍ന്നത്.
എന്നാല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തത് നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ എംബസിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ”ഞങ്ങള്‍ ഒരു ടീമായാണു നെതര്‍ലാന്‍ഡ്സില്‍ പോയത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കമ്പനി ഏതെങ്കിലും കമ്പനി ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. എംബസിയുടെ സൗകര്യങ്ങളാണു പരമാവധി ഉപയോഗിച്ചത്. അവര്‍ പറഞ്ഞ ചട്ടങ്ങള്‍ക്കനുസൃതമായാണ് സന്ദര്‍ശനം നടത്തിയത്. ചീഫ് സെക്രട്ടറി എന്താണ് എഴുതിയതെന്നു പരിശോധിക്കാം, ‘ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു പിണറായിയുടെ മറുപടി.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രൊജക്ടുകളുടെ ടെക്നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ആറ് സ്ഥാപനങ്ങളെയാണു ടെന്‍ഡര്‍ ഇവാല്യുവേഷന് കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്.
ബിഡുകള്‍ തുറക്കുന്നതിനു മുമ്പ് രാജ്യാന്തര പദ്ധതികളുടെ അനുഭവ പരിചയത്തെ ഇന്ത്യയിലെ പദ്ധതികളിലെ അനുഭവപരിചയമായി പരിഗണിക്കാമോ എന്ന വ്യക്തത റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിനോട് ആവശ്യപ്പെട്ടിരുന്നു.
അവര്‍ നല്കിയ അഭിപ്രായം തുല്യമായി പരിഗണിക്കാന്‍ കഴിയില്ല എന്നാണ്. ഈ അഭിപ്രായം സഹിതമാണ് ഫയല്‍ നീങ്ങിയത്. ആറ് സ്ഥാപനങ്ങളെയും പരിഗണിക്കണോ, അതോ നിഷ്കര്‍ഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന നാലെണ്ണത്തെ പരിഗണിച്ചാല്‍ മതിയോ എന്നായിരുന്നു ഫയലിലെ കുറിപ്പുകളുടെ ഉള്ളടക്കം
ആറ് സ്ഥാപനങ്ങളെയും തുടര്‍പ്രക്രിയയ്ക്ക് പരിഗണിക്കാമെന്നാണ് അന്നത്തെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത രേഖപ്പെടുത്തിയ അഭിപ്രായം.
നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ച വേളയില്‍ ഈ സ്ഥാപനങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും ഇവരെ ഒഴിവാക്കുന്നത് ഡച്ച് സര്‍ക്കാരുമായുള്ള ബന്ധത്തിന് നല്ല സന്ദേശം നല്‍കില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇതിനെയാണ് യാത്രയെ സഹായിച്ചു എന്ന വ്യാജ ആരോപണമായി ഉയര്‍ത്തുന്നത്. ഈ അഭിപ്രായം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ജലവിഭവ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
ജലവകുപ്പ് തിരുവന്തപുരത്ത് നടത്തിയ ഫ്ളഡ് കോണ്‍ഫറന്‍സിന്റെ മുഖ്യ സ്പോണ്സര് ഹസ്കോണിങ് കണ്‍സള്‍ട്ടന്‍സിയായിരുന്നു. ഇതിനുശേഷമാണ് ഈ കമ്പനിക്കനുകൂലമായി വിശ്വാസ് മേത്ത കുറിപ്പെഴുതിയതെന്നായിരുന്നു ആരോപണം.
അതേസമയം, മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് യാത്രയെ വിവാദ കമ്പനി എങ്ങനെയാണ് സഹായിച്ചതെന്ന് പരിശോധിക്കണമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ചെലവ് ആരാണ് വഹിച്ചത് എന്നത് ഉള്‍പ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിജിലന്‍സിന് കത്തും നല്‍കിയിരുന്നു. എന്തായാലും റൂം ഫോര്‍ ദി റിവര്‍ പദ്ധതി ഇനിയും തുടങ്ങാനായില്ലെന്നത് ഒരു യാഥാര്‍ഥ്യമായി നിലകൊള്ളുന്നു.