സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് വീട്ടിൽ ചികിത്സ നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് ഇതാദ്യം നടപ്പാക്കുന്നത്.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയും വീട്ടിൽ തന്നെ ചികിത്സിക്കാൻ കേന്ദ്രസർക്കാരും ഐസിഎംആറും നേരത്തേ നിർദേശിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിലാണ് ആരോഗ്യ പ്രവർത്തകർക്കു വീട്ടിൽ ചികിത്സ നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
ഇതിനായി ആരോഗ്യ പ്രവർത്തകർ രേഖാമൂലം സ്വയം സാക്ഷ്യപ്പെടുത്തിയ അപക്ഷ നൽകണം. രോഗം സ്ഥിരീകരിച്ച് പത്താംനാൾ ആന്റിജൻ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവായാലും ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് കോവിഡ് സന്പർക്കവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രോഗികളുടെ എണ്ണം കൂടിയാൽ ആശുപത്രികളിലെയും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെയും തിരക്കു കുറയ്ക്കുന്നതിനാണു വീട്ടിൽതന്നെ ചികിത്സ നൽകാനുള്ള തീരുമാനമെടുത്തത്.
നിലവിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന കോവിഡ് ചികിത്സാമാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയാണു പുതിയ ക്രമീകരണം. ടോയ്ലെറ്റ് സൗകര്യത്തോടെയുളള പ്രത്യേക മുറിയുള്ള വീടുകളുള്ളവരെ മാത്രമേ വീട്ടിൽ തുടരാൻ അനുവദിക്കൂ.
വീടുകളിൽ സൗകര്യമില്ലാത്തവരെയും രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെയും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റും. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ റൂം ക്വാറന്റൈൻ കർശനമായി പാലിക്കണം. ഇതുസംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ ഉത്തരവിറക്കി.