കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് ദുര്‍മന്ത്രവാദവും നടന്നിരിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നു.
കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകള്‍ ഇപ്പോഴും കാസര്‍ഗോഡിന്റെ ഉള്‍പ്രദേശങ്ങളില്‍ നടക്കാറുണ്ട്. രൂപശ്രീയുടെ മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായത് ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുടി മുറിച്ചുമാറ്റിയതും ആഭിചാര കര്‍മങ്ങളുടെ ഭാഗമായിട്ടാകാം.
പ്രതി വെങ്കിട്ടരമണ കാരന്ത് വിവിധതരം പൂജകളെക്കുറിച്ച് ആഴത്തില്‍ അറിവുള്ള ആളാണ്. ഇത്തരമൊരു കൃത്യം നടത്തുന്നതിന് സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തതും ഗൂഢപൂജകളുടെ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.
ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം പലയിടങ്ങളിലും ഉള്ളതാണ്. ബലിമൃഗങ്ങളെ ആയുധമുപയോഗിക്കാതെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതും ഇത്തരം ആഭിചാരകര്മങ്ങളിലെ രീതിയാണ്. വിവിധ സ്ഥലങ്ങളില്‍ കാരന്ത് പൂജകള്‍ക്കായി പോകുമ്പോള്‍ സഹായിയായി കൂടെ ചെല്ലാറുള്ള നിരഞ്ജനും കൃത്യം നടക്കുമ്പോള്‍ മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നു.
മിയാപ്പദവ് ആസാദ് നഗറിലെ വെങ്കിട്ടരമണയുടെ വീടും നിഗൂഢതകള്‍ നിറഞ്ഞതാണ്. ഒരു കാറിന് കഷ്ടിച്ച് കടന്നുപോകാനാവുന്ന ചെറിയൊരു മണ്‍പാത മാത്രമാണ് വീട്ടിലേക്കുള്ളത്. വിശാലമായ മുറ്റത്ത് തുളസിത്തറയും അഗ്നികുണ്ഡവും കാണാം.
മുറ്റത്ത് ഷീറ്റിട്ടതിനാല്‍ വീടിനകത്ത് അധികം വെളിച്ചമില്ല. പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറി തയ്യാറാക്കിയിട്ടുണ്ട്. സാധാരണ വീടുകളിലുള്ളതുപോലെ ചെറിയൊരു പൂജാമുറി വേറെയുമുണ്ട്. പുറത്തെ പൂജാമുറിയില്‍ വീട്ടിലെ സ്ത്രീകള്‍ക്കും മറ്റും പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
രൂപശ്രീയുടെ മൃതദേഹം കടലില്‍ തള്ളുകയും ഹാന്‍ഡ്ബാഗ് കടല്‍തീരത്തെ കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പറയുമ്പോഴും വസ്ത്രങ്ങള്‍ എന്തുചെയ്തു എന്ന കാര്യം വെളിപ്പെടാതെ കിടക്കുകയാണ്. അന്വേഷണസംഘവും ഇതേക്കുറിച്ച് മൗനം പാലിക്കുന്നു.
മുടിയുടെ സാമ്പിളുകള്‍ കാറില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ രൂപശ്രീയുടെ കൊലപാതകത്തിനു ശേഷം പ്രതിയുടെ ഭാര്യയും മകളും ഇതേ കാറില്‍ സഞ്ചരിച്ചിട്ടുള്ളതിനാല്‍ ഇത് അവരുടേതാകാനും സാധ്യതയുണ്ട്.
ഒരുപാട് കേസുകള്‍ കണ്ടറിഞ്ഞ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ പോലും അദ്ഭുതപ്പെടുത്തിയ കരളുറപ്പാണ് പ്രതികള്‍ കാഴ്ചവെച്ചത്. സ്വന്തം വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി ബക്കറ്റില്‍ തല താഴ്ത്തിപ്പിടിച്ച് അരുംകൊല നടത്തിയതിനു പിന്നാലെ കാറിന്റെ ഡിക്കിയില്‍ മൃതദേഹമൊളിപ്പിച്ചുവച്ച് അതേ കാറില്‍ റെയില്‍വേ സ്റ്റേഷനിലെത്തി സ്വന്തം ഭാര്യയേയും മകളേയും കൂട്ടിക്കൊണ്ടുവരാനും പിന്നീട് വിവിധ ഇടങ്ങളില്‍ കറങ്ങി ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിക്കാനുമുള്ള ധൈര്യം പ്രൊഫഷണല്‍ കൊലയാളികളുടെ ഭാഗത്തുനിന്നുപോലും കാണാത്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ജനുവരി 16ന് രൂപശ്രീ വിവിധ ആവശ്യങ്ങളുടെ പേരില്‍ ഉച്ചയ്ക്കു ശേഷം സ്കൂളില്‍ നിന്ന് അവധിയെടുത്ത് പോയതായിരുന്നു. എന്നാൽ ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം പെര്‍വാഡ് കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്കൂട്ടര്‍ നാലു കിലോമീറ്റര്‍ അകലെ ദുര്‍ഗിപ്പള്ള എന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതേ സ്കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണ കാരന്ത്(50), ഇയാളുടെ കാര്‍ഡ്രൈവർ നിരഞ്ജന് എന്നിവരെ അറസ്റ്റ്ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലടക്കം മുങ്ങിമരണമാണെന്നായിരുന്നു കണ്ടെത്തിയതെങ്കിലും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
സംഭവദിവസം നേരത്തേ സ്കൂളില്‍നിന്നിറങ്ങിയ രൂപശ്രീ ഒരു വിവാഹച്ചടങ്ങിലും മകൾ പഠിക്കുന്ന സ്കൂളിലും പോയതിനുശേഷം വീട്ടിലേക്കു പോകുമ്പോൾ, വെങ്കിട്ടരമണ കാറിൽ കയറ്റി തന്ത്രപൂര്‍വം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
രൂപശ്രീയുടെ സ്കൂട്ടർ ഈ വഴിയിലുള്ള ദുര്‍ഗിപള്ള എന്ന സ്ഥലത്ത് റോഡരികിൽ പാർക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. വീട്ടില്‍വച്ച് രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തിൽ തല താഴ്ത്തിപ്പിടിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം നിരഞ്ജന്റെ സഹായത്തോടെ കാറിലിട്ട് കൊണ്ടുപോയി കടലിൽ തള്ളുകയുമായിരുന്നുവെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.