കാസര്‍ഗോഡ് : മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീ (42)യുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ജനകീയ പൗരവേദിയുടെ നേതൃത്വത്തില്‍ മിയാപദവ് സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
സിപിഐ പ്രാദേശിക നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറി ജയരാമ ബെള്ളംകുടിലുവാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന് പ്രാദേശിക സിപിഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമാണ്.
സ്കൂളിലെ വിദ്യാര്‍ഥികളും മാര്‍ച്ചില്‍ പങ്കെടുത്തു. അധ്യയനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയ അധ്യാപിക ആത്മഹത്യ ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ അറിയിച്ചു. അധ്യാപികയുടെ സ്കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കടല്‍ത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ടെന്നുള്ള വസ്തുത അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്.
ഈ ദൂരം ഓട്ടോറിക്ഷയിലോ ബസിലോ കയറി പോയതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സ്കൂട്ടറില്‍ ആവശ്യത്തിന് പെട്രോള്‍ ഉണ്ടായിരുന്നതുമാണ്.
മറ്റാരുടെയെങ്കിലും കാറില്‍ അധ്യാപിക കയറിപ്പോവുകയോ ബലമായി കയറ്റിക്കൊണ്ടുപോവുകയോ ചെയ്തതിന് തെളിവ് ലഭിച്ചാല്‍ അത് അന്വേഷണത്തില്‍ വഴിത്തിരിവാകും. നേരത്തേ ചോദ്യം ചെയ്യപ്പെട്ട അധ്യാപകന് ഇതുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും അന്വേഷിക്കേണ്ടിവരും.