കാസര്‍ഗോഡ് : മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധിനി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ മൊഴികളില്‍ വൈരുധ്യം.
പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തിട്ടും അധ്യാപികയുടെ വസ്ത്രങ്ങളും തലമുടിയും നഷ്ടപ്പെട്ടത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് അപേക്ഷ നല്‍കും.
ചില രാസവസ്തുക്കള്‍ കലര്‍ത്തി നേരത്തേ തയ്യാറാക്കിവച്ച വെള്ളത്തിലാണ് രൂപശ്രീയുടെ തല മുക്കിപ്പിടിച്ചതെന്ന് പ്രധാന പ്രതിയായ ചിത്രകലാ അധ്യാപകന് വെങ്കിട്ടരമണ കാരന്ത് മൊഴി നല്‍കിയിട്ടുണ്ട്.
ഇത് എന്തു രാസവസ്തുവാണെന്നോ എങ്ങനെ ലഭിച്ചുവെന്നോ ഇതിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഒരുപക്ഷേ ഈ രാസവസ്തുവിന്റെ കാഠിന്യം കൊണ്ടാകാം രൂപശ്രീയുടെ മുടി നഷ്ടപ്പെട്ടതെന്നും അനുമാനിക്കുന്നുണ്ട്.
സാധാരണ മന്ത്രവാദത്തിനായി ഗുരുതി തയാറാക്കുന്നത് വെള്ളത്തില്‍ നിശ്ചിത അനുപാതത്തില്‍ ചുണ്ണാമ്പും മഞ്ഞള്‍പൊടിയും കലര്‍ത്തിയാണ്. ഈ മിശ്രിതത്തിന് ചോരയുടെ കടുംചുവപ്പുനിറം ലഭിക്കുന്നതിനായി മറ്റു ചില വസ്തുക്കളും ചേര്‍ക്കാറുണ്ട്.
ഇങ്ങനെ തയ്യാറാക്കിയ ഗുരുതിയിലാണോ രൂപശ്രീയെ തല താഴ്ത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന സംശയമാണ് അന്വേഷണസംഘത്തിനുമുള്ളത്. വെള്ളത്തില്‍ ചുണ്ണാമ്പിന്റെ അംശം കൂടുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന വസ്തുതയും ഇതിന് അടിവരയിടുന്നു.
നേരത്തേ ഗുരുതി തയാറാക്കിവച്ചാണ് കൊല നടത്തിയതെങ്കില്‍ സംഭവവുമായി ബന്ധപ്പെട്ട് ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്ന കാര്യവും ഉറപ്പിക്കാനാകും. തന്റെ വസ്ത്രങ്ങളില്‍ ഈ വെള്ളം തെറിച്ചിരുന്നതിനാല് അവ പറമ്പിലിട്ട് കത്തിച്ചുകളഞ്ഞതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. രൂപശ്രീയുടെ വസ്ത്രങ്ങളും ഇതോടൊപ്പം കത്തിച്ചുകളഞ്ഞിരിക്കാമെന്നും സംശയിക്കുന്നു.