ശ്രീജിത് കൃഷ്ണന്
2020 ജനുവരി 16 വ്യാഴാഴ്ച. കേരള – കര്‍ണാടക അതിര്‍ത്തിയോടടുത്ത് മഞ്ചേശ്വരം മിയാപ്പദവിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയമായ ശ്രീ വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അതൊരു സാധാരണ പ്രവൃത്തിദിവസമായിരുന്നു.
സ്കൂളിലെ ഒരു അധ്യാപികയുടെ സഹോദരന്റെ വിവാഹമായിരുന്നു അന്ന്. പ്രവൃത്തിദിവസമായതുകൊണ്ട് അധ്യാപകരും മറ്റു ജീവനക്കാരും ഉച്ചസമയത്തെ ഇടവേളയിലാണ് വിവാഹത്തിന് പോയിവന്നത്. സാമൂഹ്യശാസ്ത്രം അധ്യാപികയായ രൂപശ്രീ മാത്രം ഉച്ചയ്ക്കുശേഷം അവധിയെടുത്ത് കല്യാണത്തിന് പോയി.
വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം തനിക്ക് മറ്റു ചില തിരക്കുകളുള്ളതുകൊണ്ടാണ് അവധിയെടുക്കുന്നതെന്ന് അവര്‍ പ്രധാനാധ്യാപകനെ മുന്‍കൂട്ടി അറിയിച്ചിരുന്നു.
സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ് കണ്‍വീനറെന്ന നിലയില്‍ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയുടെ നടത്തിപ്പ് ചുമതലയും രൂപശ്രീ ടീച്ചർക്കായിരുന്നു.
സ്കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണ കാരന്തിന്റെ സഹായത്തോടെ അവര്‍ തയാറാക്കിയിരുന്ന മാതൃകകള്‍ സാമൂഹ്യശാസ്ത്രമേളകളില്‍ സ്കൂളിന് ഏറെ സമ്മാനങ്ങള്‍ നേടിത്തന്നിരുന്നു.
വെങ്കിട്ടരമണ കാരന്ത് രണ്ടുദിവസമായി സ്കൂളില്‍ നിന്ന് അവധിയിലായിരുന്നു. വ്യക്തിപരമായ ചില തിരക്കുകളുള്ളതുകൊണ്ട് വിവാഹച്ചടങ്ങിന് വരുന്നില്ലെന്ന് നേരത്തേ സ്കൂളില്‍ വിളിച്ചുപറഞ്ഞിരുന്നു.
പരമ്പരാഗതമായി താന്ത്രിക കര്‍മങ്ങള്‍ ചെയ്യുന്ന കര്‍ണാടക ബ്രാഹ്മണകുടുംബത്തിലെ അംഗമായ വെങ്കിട്ടരമണ ഇടയ്ക്കിടെ സ്കൂളില്‍ നിന്ന് അവധിയെടുത്ത് പൂജാദി കര്‍മങ്ങള്‍ക്ക് പോകാറുള്ളതാണ്.
അയല്‍വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നിരഞ്ജന് എന്ന യുവാവിനെ സഹായിയായി കൂടെകൂട്ടിയാണ് കാരന്ത് പൂജാദികര്‍മങ്ങള്‍ക്ക് പുറപ്പെട്ടിരുന്നത്.
നാട്ടില്‍ അത്യാവശ്യം കൂലിപ്പണിയും ഡ്രൈവര്‍ ജോലിയും ചെയ്ത് ജീവിക്കുകയായിരുന്നു നിരഞ്ജന്. രൂപശ്രീ സ്കൂളില്‍ നിന്ന് യാത്രപുറപ്പെട്ടത് സ്വന്തം സ്കൂട്ടറിലാണ്.
വിവാഹച്ചടങ്ങ് നടക്കുന്ന ക്ഷേത്രത്തിലെത്തി ഭക്ഷണം കഴിച്ചതിനുശേഷം മകളുടെ സ്കൂളില്‍ പോകാനുണ്ടെന്ന് പറഞ്ഞ് അധികം വൈകാതെ തന്നെ ഇറങ്ങി. അവിടെ ചെന്ന് മകളുടെ അടുത്ത മാസത്തേക്കുള്ള ഫീസടച്ചു. അവിടെയും അധികനേരം നില്‍ക്കാതെ സ്കൂട്ടറില്‍ തന്നെ മടങ്ങി.
പുറംലോകത്തിനു മുന്നില്‍ രൂപശ്രീയുടെ അവസാനയാത്രയായിരുന്നു അത്. സ്കൂളില്‍ നിന്ന് മടങ്ങിയ രൂപശ്രീ സന്ധ്യാനേരമായിട്ടും വീട്ടിലെത്താതിരുന്നതോടെ കുടുംബാംഗങ്ങള്‍ അവരുടെ മൊബൈല്‍ നമ്പറുകളില്‍ മാറിമാറി വിളിച്ചു. ഒരു മൊബൈല്‍ റിംഗ് ചെയ്തുകൊണ്ടിരുന്നിട്ടും ആരും എടുത്തില്ല. മറ്റേത് സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.
രൂപശ്രീ പോകാനിടയുണ്ടെന്നു തോന്നിയ സ്ഥലങ്ങളിലെല്ലാം രാത്രി മുഴുവന്‍ അന്വേഷിച്ചു. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. പക്ഷേ ഒരു വിവരവും കിട്ടിയില്ല. ആ രാത്രിയും തൊട്ടടുത്ത ഒരു പകലും രാത്രിയും ആശങ്കയിലും ഭയപ്പാടിലും കടന്നുപോയി.
അതിനിടയില്‍ രൂപശ്രീയുടെ സ്കൂട്ടര്‍ മാത്രം മഞ്ചേശ്വരത്തിനും മിയാപ്പദവിനും ഇടയിലെ ദുര്‍ഗിപള്ള എന്ന സ്ഥലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത് ആശങ്കയുടെ ആഴമേറ്റി.
ജനുവരി 18 ശനിയാഴ്ച. മഞ്ചേശ്വരം പെര്‍വാഡ് കടപ്പുറത്തെ ഹസൈനാര്‍ അതിരാവിലെ പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു. പെട്ടെന്നാണ് കടല്‍തീരത്ത് എന്തോ ഒരു വലിയ വസ്തു കരയ്ക്കടിഞ്ഞിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്.
അത് ഒരു സ്ത്രീയുടെ മൃതശരീരമായിരുന്നു. ഹസൈനാറിന്റെ നിലവിളി കേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടി. പോലീസിലും വിവരമറിയിച്ചു. വിവസ്ത്രമായ നിലയിലും തലമുടി ഏറെക്കുറെ നഷ്ടപ്പെട്ടും കിടന്നിരുന്ന ആ മൃതദേഹം രൂപശ്രീയുടേതാണെന്ന് ഉറപ്പിക്കാനായത് കൈവിരലില്‍ ചന്ദ്രശേഖരന്റെ പേരെഴുതിയ വിവാഹമോതിരം കണ്ടാണ്.
മുങ്ങിമരണമാണ് സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആദ്യ തെളിവുകളെല്ലാം വിരല്‍ചൂണ്ടിയത് ആത്മഹത്യയിലേക്കാണ്.
വെങ്കിട്ടരമണ കാരന്തുമായുള്ള സൗഹൃദത്തിന്റെ പേരില്‍ രൂപശ്രീക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ഇത് അവരെ മാനസിക വിഷമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചിരിക്കാമെന്നും വിലയിരുത്തപ്പെട്ടു.
കാരന്തുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകള്‍ രൂപശ്രീ നടത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. വലിയ തുകയ്ക്കുള്ള ചില വായ്പകള്‍ കാരന്ത് എടുത്തിരുന്നതായും അതില്‍ രൂപശ്രീ ജാമ്യം നിന്നിരുന്നതായും അറിയാന്‍ കഴിഞ്ഞു.
എന്നാല്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും രൂപശ്രീ ഒരിക്കലും ആത്മഹത്യ ചെയ്യാനിടയില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും.
അധ്യാപികയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൗരവേദിയും വിദ്യാര്‍ഥികളും സമരരംഗത്തിറങ്ങിയതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അധ്യാപികയുടെ സ്കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കടല്‍ത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ടെന്നുള്ള വസ്തുതയാണ് അന്വേഷണസംഘത്തിന് ആദ്യ പിടിവള്ളിയായത്.
ഈ ദൂരം ഓട്ടോറിക്ഷയിലോ ബസിലോ കയറി പോയതിന് തെളിവൊന്നും ലഭിച്ചില്ല. സ്കൂട്ടറില്‍ ആവശ്യത്തിന് പെട്രോള്‍ ഉണ്ടായിരുന്നതുമാണ്.
മറ്റാരുടെയെങ്കിലും കാറില്‍ അധ്യാപിക കയറിപ്പോവുകയോ ബലമായി കയറ്റിക്കൊണ്ടുപോവുകയോ ചെയ്തതാണെന്ന് ഇതില്‍നിന്ന് അനുമാനിക്കാനായി.
രൂപശ്രീയുടെ സ്വിച്ച് ഓഫ് ആയ മൊബൈലിലേക്ക് അവസാനം വന്ന കോള്‍ വെങ്കിട്ടരമണ കാരന്തിന്റേതായിരുന്നുവെന്നും മൊബൈല്‍ ടവര്‍ പരിശോധനയില്‍ മനസിലായി. റിംഗ് ചെയ്തുകൊണ്ടിരുന്ന രണ്ടാമത്തെ മൊബൈല്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.
ഇതോടൊപ്പം രൂപശ്രീ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദുര്‍ഗിപള്ള എത്തുന്നതിനുമുമ്പ് രൂപശ്രീ സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ അല്പം മുന്നിലായി കാരന്തും സഹായി നിരഞ്ജനും കാറില്‍ പോകുന്നതിന്റെ ദൃശ്യവും ലഭിച്ചു.
അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ട് കാരന്തിനെ രണ്ടുവട്ടം ചോദ്യംചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിരുന്നില്ല.
എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം കാരന്തിനെയും ഒപ്പം സഹായിയായ നിരഞ്ജനെയും കസ്റ്റഡിയിലെടുത്ത് ഒറ്റയ്ക്കൊറ്റയ്ക്ക് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ ഇരുവര്‍ക്കും അടിപതറി.
നാടിനെയാകെ ഞെട്ടിച്ച ഒരു കൊലപാതകത്തിന്റെ അണിയറക്കഥകള്‍ ഓരോന്നായി പുറത്തുവന്നു. കാണാതായ ദിവസം ഉച്ചയ്ക്ക് മകളുടെ സ്കൂളില്‍ നിന്നിറങ്ങിയ രൂപശ്രീയെ താന്‍ വിളിച്ചിരുന്നതായും തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ മഞ്ചേശ്വരം ഹൊസങ്കടി ടൗണില്‍ വച്ച് കണ്ടുമുട്ടിയിരുന്നതായും തുടര്‍ന്ന് രൂപശ്രീയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായും കാരന്ത് വെളിപ്പെടുത്തി.
ദുര്‍ഗിപള്ള വരെ രൂപശ്രീ സ്വന്തം സ്കൂട്ടറിലും താനും നിരഞ്ജനും കാറിലുമാണ് സഞ്ചരിച്ചിരുന്നത്. അവിടെ വണ്ടി നിര്‍ത്തിയിടാന്‍ കഴിയുന്ന ഒരു സ്ഥലം കിട്ടിയപ്പോള്‍ രൂപശ്രീ സ്കൂട്ടര്‍ അവിടെ നിര്‍ത്തി തന്നോടൊപ്പം കാറില്‍ കയറി. അങ്ങനെയാണ് മിയാപ്പദവ് ആസാദ് നഗറിലുള്ള തന്റെ വീട്ടില്‍ എത്തിയത്.
രൂപശ്രീയുമായി വര്‍ഷങ്ങളുടെ സൗഹൃദബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത്. ഇതോടൊപ്പം സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ രൂപശ്രീ തന്നില്‍ നിന്നകന്ന് മറ്റൊരു അധ്യാപകനുമായി കൂടുതല്‍ അടുക്കാന്‍ തുടങ്ങി.
ഇത് താന്‍ ചോദ്യം ചെയ്തതോടെ തന്നില്‍ നിന്ന് കൂടുതലകലാനും അയാളുമായി കൂടുതല്‍ അടുക്കാനും തുടങ്ങിയതായി കാരന്ത് പറയുന്നു. ഇതോടെയാണ് അവളെ ഇല്ലാതാക്കണമെന്ന ചിന്ത മനസില്‍ കുരുത്തു തുടങ്ങിയത്. ഇക്കാര്യം നിരഞ്ജനുമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായി വന്നാല്‍ കൂടെ നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച വൈകിട്ട് തന്റെ ഭാര്യയും മകളും ഒരു വിവാഹത്തില്‍ സംബന്ധിക്കാന്‍ മംഗളൂരുവിലേക്കു പോയ സമയത്താണ് രൂപശ്രീയെ വീട്ടിലേക്ക് വിളിക്കുന്നത്. അവിടെവച്ച് എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീര്‍ക്കാനാണ് കരുതിയത്.
എന്നാല്‍ മറ്റേ അധ്യാപകനുമായുള്ള ബന്ധത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ വീണ്ടും വഴക്കായി. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച രൂപശ്രീയെ ബക്കറ്റില്‍ നിറച്ചുവച്ച വെള്ളത്തില്‍ തല മുക്കിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ മല്‍പ്പിടിത്തത്തിനിടയില്‍ ബക്കറ്റ് പൊട്ടുകയും രൂപശ്രീ വീണ്ടും പിടിവിടുവിച്ച് ഓടാന്‍ ശ്രമിക്കുകയും ചെയ്തു.
വീണ്ടും നിരഞ്ജന്റെ സഹായത്തോടെ ബലമായി പിടിച്ച് പ്ലാസ്റ്റിക് വീപ്പയിലെ വെള്ളത്തില്‍ തല താഴ്ത്തിപ്പിടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് കാരന്ത് വെളിപ്പെടുത്തി. ഇത്രയും കഴിഞ്ഞപ്പോഴേക്കും തന്റെ ഭാര്യയും മകളും മംഗളൂരുവില്‍ നിന്ന് തിരിച്ചുവരുന്ന വഴിയില്‍ ഹൊസങ്കടിയില്‍ ബസിറങ്ങി തന്നെ വിളിച്ചു.
നിരഞ്ജന്റെ സഹായത്തോടെ രൂപശ്രീയുടെ മൃതദേഹവും ഹാന്‍ഡ് ബാഗും കാറിന്റെ ഡിക്കിയിലേക്ക് മാറ്റി അടച്ചുവച്ചു. വീട്ടിനകം വൃത്തിയാക്കി.
വീണ്ടും നിരഞ്ജനെ കൂടെകൂട്ടി ഇതേ കാറെടുത്ത് ഹൊസങ്കടിയില്‍ പോയി അവരെ കൂട്ടിവന്നു. രൂപശ്രീയുടെ മൃതദേഹം ഡിക്കിയില്‍ കിടക്കുമ്പോഴാണ് തൊട്ടടുത്ത സീറ്റില്‍ ഇതൊന്നുമറിയാത്ത ഭാര്യയേയും കൗമാരപ്രായക്കാരിയായ മകളേയും ഇരുത്തി യാത്രചെയ്തത്.
വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഒരു പൂജയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വിട്ട്ളയിലേക്ക് പോകാനുണ്ടെന്നുപറഞ്ഞ് വീണ്ടും കാറെടുത്ത് ഇറങ്ങി. മഞ്ചേശ്വരം – ആനക്കല്ല് – വിട്ട്ള വഴി മടിക്കേരി വരെ കാറോടിച്ചു. ഇടയ്ക്ക് ഒരു ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥന നടത്തി. വഴിയില്‍ വിജനമായ വനപ്രദേശങ്ങളില്‍ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി.
എന്നാല്‍ ഉദ്ദേശിച്ച ഇടങ്ങളിലെല്ലാം പല തടസങ്ങളുമുണ്ടായിരുന്നു. പിന്നെ മടിക്കേരിയിലെ ഹോട്ടലില്‍ കയറി രണ്ടുപേരും ഭക്ഷണം കഴിച്ചു. എന്നിട്ട് വീണ്ടും കാര്‍ തിരിച്ച് മംഗളൂരുവിലേക്ക് വന്നു.
വീണ്ടും തലപ്പാടി ചെക്ക്പോസ്റ്റ് വഴി മഞ്ചേശ്വരത്തേക്ക് മടങ്ങി. അപ്പോഴേക്കും രാത്രി 11 മണി ആകാറായിരുന്നു. ഈ വഴിയില്‍ മഞ്ചേശ്വരം കണ്വതീര്‍ഥ കടപ്പുറത്തെത്തിയാണ് മൃതദേഹം കടലില്‍ തള്ളിയതെന്ന് കാരന്തും നിരഞ്ജനും മൊഴി നല്കി.
രൂപശ്രീയുടെ ഹാന്‍ഡ്ബാഗ് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഒരുപാട് കേസുകള്‍ കണ്ടറിഞ്ഞ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ പോലും അദ്ഭുതപ്പെടുത്തിയ കരളുറപ്പാണ് രൂപശ്രീയുടെ കൊലപാതകത്തില്‍ പ്രതികള്‍ കാഴ്ചവെച്ചത്.
സ്വന്തം വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി കൊല നടത്തിയതിനു പിന്നാലെ കാറിന്റെ ഡിക്കിയില്‍ മൃതദേഹമൊളിപ്പിച്ചുവച്ച് അതേ കാറില്‍ റെയില്‍വേ സ്റ്റേഷനിലെത്തി സ്വന്തം ഭാര്യയേയും മകളേയും കൂട്ടിക്കൊണ്ടുവരാനും ഡിക്കിയില്‍ മൃതദേഹവുമായി വീണ്ടും 90 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കാനും ഇതിനിടയില്‍ ക്ഷേത്രത്തില്‍ പോകാനും സാധാരണപോലെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ധൈര്യം പ്രഫഷണല്‍ കൊലയാളികളുടെ ഭാഗത്തുനിന്നുപോലും കാണാത്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികളുടെ മൊഴികള്‍ ഡിവൈഎസ്പി എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഇതുവരെ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
കാസര്‍ഗോഡ് ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോഴും ഇരുവരും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.
കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകള്‍ ഇപ്പോഴും ഉള്‍പ്രദേശങ്ങളില്‍ നടക്കാറുണ്ട്. രൂപശ്രീയുടെ കൊലപാതകം ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുടി മുറിച്ചുമാറ്റിയതും ചിലപ്പോള്‍ ആഭിചാര കര്‍മങ്ങളുടെ ഭാഗമായിട്ടാകാം.
ഒരുപക്ഷേ രൂപശ്രീയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ഉപയോഗിച്ച് ഇത്തരം കര്‍മങ്ങള്‍ നടത്തിയിരിക്കാനും സാധ്യതയുണ്ട്. പ്രധാന പ്രതിയായ വെങ്കിട്ടരമണ കാരന്ത് വിവിധതരം പൂജകളെക്കുറിച്ച് ആഴത്തില്‍ അറിവുള്ള ആളാണ്.
ഇത്തരമൊരു കൃത്യം നടത്തുന്നതിന് സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തതും ഗൂഢപൂജകളുടെ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം പലയിടങ്ങളിലും ഉള്ളതാണ്.
ബലിമൃഗങ്ങളെ ആയുധമുപയോഗിക്കാതെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതും ഇത്തരം ആഭിചാരകര്മങ്ങളിലെ രീതിയാണ്. ചില രാസവസ്തുക്കള്‍ കലര്‍ത്തി നേരത്തേ തയ്യാറാക്കിവച്ച വെള്ളത്തിലാണ് രൂപശ്രീയുടെ തല മുക്കിപ്പിടിച്ചതെന്ന് കാരന്ത് മൊഴി നല്‍കിയിരുന്നു. ഇത് എന്തു രാസവസ്തുവാണെന്നോ എങ്ങനെ ലഭിച്ചുവെന്നോ ഇതിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
ഒരുപക്ഷേ ഈ രാസവസ്തുവിന്റെ കാഠിന്യം കൊണ്ടാകാം രൂപശ്രീയുടെ മുടി നഷ്ടപ്പെട്ടതെന്നും അനുമാനിക്കുന്നുണ്ട്. മന്ത്രവാദത്തിനായി ഗുരുതി തയ്യാറാക്കുന്നത് വെള്ളത്തില്‍ നിശ്ചിത അനുപാതത്തില്‍ ചുണ്ണാമ്പും മഞ്ഞള്‍പൊടിയും കലര്‍ത്തിയാണ്.
ഈ മിശ്രിതത്തിന് ചോരയുടെ കടുംചുവപ്പുനിറം ലഭിക്കുന്നതിനായി മറ്റു ചില വസ്തുക്കളും ചേര്‍ക്കാറുണ്ട്. ഇങ്ങനെ തയ്യാറാക്കിയ ഗുരുതിയിലാണോ രൂപശ്രീയെ തല താഴ്ത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. വെള്ളത്തില്‍ ചുണ്ണാമ്പിന്റെ അംശം കൂടുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന വസ്തുതയും ഇതിന് അടിവരയിടുന്നു.
നേരത്തേ ഗുരുതി തയ്യാറാക്കിവച്ചാണ് കൊല നടത്തിയതെങ്കില്‍ സംഭവവുമായി ബന്ധപ്പെട്ട് ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്ന കാര്യവും ഉറപ്പിക്കാനാകും. സംഭവം നടക്കുമ്പോള്‍ താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ ഈ വെള്ളം തെറിച്ചിരുന്നതിനാല് അവ പറമ്പിലിട്ട് കത്തിച്ചുകളഞ്ഞതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
രൂപശ്രീയുടെ വസ്ത്രങ്ങളും ഇതോടൊപ്പം കത്തിച്ചുകളഞ്ഞിരിക്കാമെന്നും സംശയിക്കുന്നു. മിയാപ്പദവ് ആസാദ് നഗറിലെ വെങ്കിട്ടരമണയുടെ വീടും നിഗൂഢതകള്‍ നിറഞ്ഞതാണ്. ഒരു കാറിന് കഷ്ടിച്ച് കടന്നുപോകാനാവുന്ന ചെറിയൊരു മണ്‍പാത മാത്രമാണ് വീട്ടിലേക്കുള്ളത്. വിശാലമായ മുറ്റത്ത് തുളസിത്തറയും അഗ്നികുണ്ഡവും കാണാം.
മുറ്റത്ത് ഷീറ്റിട്ടതിനാല്‍ വീടിനകത്ത് അധികം വെളിച്ചമില്ല. പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറി തയ്യാറാക്കിയിട്ടുണ്ട്. സാധാരണ വീടുകളിലുള്ളതുപോലെ ചെറിയൊരു പൂജാമുറി വേറെയുമുണ്ട്.
പുറത്തെ പൂജാമുറിയില്‍ വീട്ടിലെ സ്ത്രീകള്‍ക്കും മറ്റും പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ഏതായാലും നാടിനെയാകെ ഞെട്ടിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുംദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷ.