തിരുവനന്തപുരം: സിപിഐ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ട് കടക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം.എൻ. സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നൽകേണ്ടതെന്ന് രൂപേഷ് പന്ന്യൻ ഫേസ്ബുക്കില്‍ കുറിച്ചു.
കോടികളുടെ ആഘോഷമല്ല, കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എം.എൻ. സ്മാരകമാണ് സാധാരണക്കാരന്റെ പതിരില്ലാത്ത സ്വപ്നം.
“അധികാരം’ എന്ന നാലക്ഷരത്തിന് “ആഡംബരം’ എന്ന നാലക്ഷരം അകമ്പടി ചേരുമ്പോൾ ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എം.എൻ സ്മാരകം നോക്കി… പോയ കാലത്തെ ഓർമ്മകൾ തുന്നി കെട്ടുകയാണ് സാധാരണക്കാർ …പ്രമുഖരെ കാണാനല്ല പാർട്ടിയുണ്ടാക്കിയതെന്നും രൂപേഷ് കുറിച്ചു.
തുറന്നെഴുതലുകൾ ഒറ്റപ്പെടുത്താം…പക്ഷെ ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം എന്നു കൂട്ടിച്ചേർത്താണ് രൂപേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.