നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചി കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. റിച്ചിയേയും കന്നഡ ചിത്രമായ ഉളിദവരു കണ്ടതയോയും താരതമ്യം ചെയ്ത് പോസ്റ്റിട്ടതോടയാണ് രൂപേഷ് വെട്ടിലാവുന്നത്. നിവിന്‍ പോളിയുടെ ഫാന്‍സ് രംഗത്തിറങ്ങി രൂപേഷിനെതിരെ പരിഹാസശരങ്ങള്‍ വര്‍ഷിച്ചുതുടങ്ങി. തുടര്‍ന്ന് രൂപേഷ് ക്ഷമാപണം നടത്തിയെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പുതിയ നിലപാടുമായി എത്തിയിരിക്കുകയാണ് രൂപേഷ് പീതാംബരന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ടൊവീനോ തോമസും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊന്നും ആരാധകരെ വിട്ട് ഇങ്ങനെ പറയിപ്പിക്കില്ലെന്നും തന്റെ ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് രൂപേഷ് ഇപ്പോള്‍ പറയുന്നത്. തന്നെ സിനിമാരംഗത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇതെന്താ ഉത്തര കൊറിയ ആണോ എന്നും രൂപേഷ് ചോദിക്കുന്നു. രൂപേഷിന്റെ വാക്കുകളിലേയ്ക്ക്…എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ തീവ്രത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാന്‍ റിച്ചിക്കെതിരെ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.
രക്ഷിതിന്റെ ചിത്രത്തിന്റെ റീമെയ്ക്ക് ആണ് റിച്ചി. അത് വെറും യാദൃശ്ചികം മാത്രമാണ്. ഞാന്‍ നിവിനെ ലക്ഷ്യം വച്ചിട്ടില്ല. എന്ന് കരുതി മറ്റൊരു ചിത്രത്തെ പ്രശംസിക്കുന്നതില്‍ നിന്നും എന്നെ വിലക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?’ രൂപേഷ് ചോദിക്കുന്നു. ‘ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്ക് റീമേക്ക് റിലീസായ അന്ന് തന്നെ ഞാന്‍ ഒറിജിനലിനെ കുറിച്ച് പോസ്റ്റിടാന്‍ പാടില്ലായിരുന്നു. അതെന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഞാന്‍ അന്ന് റിച്ചി കണ്ടിരുന്നില്ല. ഇനി കണ്ടിരുന്നെങ്കില്‍ തന്നെ ആ കുറിപ്പ് ഞാന്‍ മാറ്റില്ലായിരുന്നു. കാരണം, ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത് ഉളിദവരു കണ്ടതയെക്കുറിച്ചു മാത്രമാണ്.
സമ്പൂര്‍ണ സാക്ഷരത എന്ന് വീമ്പു പറയുന്ന ഒരു സംസ്ഥാനത്ത് ഞാന്‍ എന്താണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതെന്ന് മലയാളത്തില്‍ തന്നെ വ്യക്തമാക്കി കൊടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഉത്തരവാദിത്വപ്പെട്ടവരാരും തന്നെ എന്നെ ഇതുവരെ ഈ വിഷയത്തില്‍ വിളിച്ചിട്ടില്ല. നിവിന്‍ പോളിയും വിളിച്ചിട്ടില്ല. മാധ്യമങ്ങളാണ് എന്റെ വാക്കുകളെ വളച്ചൊടിച്ചത്. അത് തന്നെയാകും അവരും വായിച്ചത്. ടൊവീനോ, പൃഥ്വി, ദുല്‍ഖര്‍ എന്നീ താരങ്ങളോട് അക്കാര്യത്തില്‍ എനിക്ക് വളരെ മതിപ്പാണ്. കാരണം എന്തെന്നാല്‍, അവര്‍ക്കൊരു വിഷയമുണ്ടെങ്കില്‍ അവരത് മുഖത്ത് നോക്കി ചോദിച്ചിരിക്കും. നേരിട്ട് സംസാരിച്ചിരിക്കും. അല്ലാതെ ആരാധകരെ വിട്ടു പറയിപ്പിക്കാറില്ല. എന്റെ പേര് കളങ്കപ്പെടുത്തിയതിന് ഞാനും കോടതിയെ സമീപിക്കാന്‍ പോവുകയാണ്.