മൂന്നാര്‍: ശനിയാഴ്ച വൈകുന്നേരം മൂന്നാറിലെ കുണ്ടളയിലുണ്ടായ ഉരുള്‍പൊട്ടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട് അശോകപുരം മുത്തപ്പൻകാവ് സ്വദേശി രൂപേഷ് കല്ലട(45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒലിച്ചുപോയ വാഹനം ശനിയാഴ്ച കണ്ടെത്തിയിരുന്നു. വാഹനം പൂർണമായി തകർന്നിരുന്നു.
എന്നാൽ, രൂപേഷിനെ കണ്ടെത്താനായില്ല. മോശം കാലാവസ്ഥയും പ്രദേശത്തെ കാട്ടാനശല്യവും മൂലമാണ് ശനിയാഴ്ച രാത്രി എട്ടോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചത്.
ഇന്നലെ രാവിലെ ഏഴോടെയാണ് പോലീസ്, അഗ്നിശമന സേന, റവന്യൂവകുപ്പ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ പുനരാരംഭിച്ചത്. എട്ടോടെ മൃതദേഹം കണ്ടെത്തി.
അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
ജില്ലാ കളക്ടർ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ എന്നിവരടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
എല്ലാവരെയും സുരക്ഷിതരാക്കിയ രൂപേഷ്
രൂപേഷ് സഞ്ചരിച്ച വാഹനത്തിൽ അപകട സമയത്ത് 11 പേരാണ് യാത്ര ചെയ്തിരുന്നത്. കുത്തൊഴുക്കില്‍പ്പെട്ട ടെംപോ ട്രാവലറിൽനിന്ന് ഇറങ്ങി ഒപ്പമുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതരാക്കിയ ശേഷം ഫോണ്‍ എടുക്കാനായി വീണ്ടും വാഹനത്തില്‍ കയറിയപ്പോഴായിരുന്നു അപകടം.
ഉരുളിനൊപ്പമെത്തിയ വലിയ ഒരു കല്ല് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതോടെ രൂപേഷ് വെള്ളത്തിലേക്കു തെറിച്ചുവീഴുകയായിരുന്നു.
മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വട്ടവട, ടോപ്സ്റ്റേഷന്, കുണ്ടള തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കു ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.