ഫില്ലിംഗുകൾ എപ്പോൾ?
ദന്തക്ഷയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ഫില്ലിംഗുകൾ അഥവാ പോട് അടയ്ക്കൽ. ദന്തക്ഷയത്തിന്റെ ആരംഭഘട്ടം കഴിഞ്ഞ് കുറച്ചുകൂടി പുരോഗമിച്ച പോടുകൾക്ക് ഈ ചികിത്സാരീതിയാണ് ഏറെ ഫലപ്രദം.
പലതരത്തിലുള്ള സിമന്റുകളും പേസ്റ്റുകളുംവച്ച് നഷ്ടപ്പെട്ടുപോയ പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കുകയാണു ചെയ്യുന്നത്. പല്ലിന്റെ നിറത്തിലും വെള്ളിനിറത്തിലുമൊക്കെ നമ്മൾക്കു പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കാൻ കഴിയും.
ക്രൗണ് അഥവാ ക്യാപ്
കൂടുതൽ പ്രതലങ്ങളിൽ പടർന്ന ദന്തക്ഷയങ്ങൾ പല്ലിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ ക്ഷയിപ്പിച്ചിട്ടുണ്ടാവും. അത്തരം പല്ലുകൾക്ക് ക്രൗണ് അഥവാ ക്യാപ് ആവശ്യമാണ്.
ചവയ്ക്കുന്പോഴും മറ്റും ഉണ്ടാകുന്ന ബലം ഇത്തരത്തിൽ ദന്തക്ഷയം ഉണ്ടായ പല്ലുകൾക്കു താങ്ങാൻ കഴിയില്ല. പല്ലുകൾ ഒടിഞ്ഞുപോകുന്നതിനു കാരണമായേക്കാം. ഇതു തടയാൻ വേണ്ടിയാണു നാം ക്യാപ് ഉപയോഗിക്കുന്നത്.
ക്യാപ് ചികിത്സ എങ്ങനെ ?
പല്ലിലെ കേടായ ഭാഗങ്ങൾ എല്ലാം തുരന്നുകളഞ്ഞതിനുശേഷം ക്യാപ്പിടാനായി പല്ലിനെ ഘടനാപരമായി സജ്ജമാക്കുന്നു. പല്ലിന്റെ ഘടനയെ അതേപോലെതന്നെ പുനഃക്രമീകരിക്കുകയാണ് ക്യാപ്പിടുന്നതുവഴി ചെയ്യുന്നത്.
പല്ലിന്റെ നിറത്തിലുള്ളതും മെറ്റൽ ക്രൗണും രണ്ടും ചേർന്ന തരത്തിലുള്ളതുമായ പലതരം ക്യാപ്പുകൾ അഥവാ ക്രൗണുകൾ ലഭ്യമാണ്. രോഗിയുടെ ആവശ്യത്തിന് അനുസരിച്ച് ഇത്തരം ക്രൗണുകൾ നമുക്ക് തെരഞ്ഞെടുക്കാം.
ദന്തക്ഷയം മജ്ജയിലെത്തിയാൽ
ദന്തക്ഷയം പല്ലിന്റെ ഉള്ളിലെ മജ്ജയിലേക്ക് എത്തിയാൽ റൂട്ട് കനാൽ ചികിത്സ ആവശ്യമായിവരാം. നല്ലവണ്ണം ദന്തക്ഷയം പുരോഗമിച്ച പല്ലുകളെ സംരക്ഷിക്കാൻ ഈ ചികിത്സവഴി നമുക്കു സാധിക്കും. ദന്തക്ഷയം പുരോഗമിച്ച് പല്ലിന്റെ ഉള്ളിലെ മജ്ജയിലേക്ക് എത്തിയാൽ വേദന, അണുബാധ തുടങ്ങിയവ ഉണ്ടാകാം.
തത്ഫലമായി പല്ലുകൾ നീക്കംചെയ്യാൻവരെ രോഗികൾ നിർബന്ധിരാകും. ഇത്തരത്തിൽ പല്ലുകൾ നഷ്ടപ്പെടുന്നത് റൂട്ട് കനാൽ ചികിത്സവഴി തടയാനാകും. പല്ലിന്റെ വേരിനുള്ളിലാണ് ഈ മജ്ജ കാണപ്പെടുന്നത്.
ഇത്തരത്തിൽ ദന്തക്ഷയംമൂലം അണുബാധ ഉണ്ടായ മജ്ജ നീക്കംചെയ്യുകയും മറ്റൊരു മരുന്നുവച്ച് വേരുകൾ അടയ്ക്കുകയുംചെയ്യുന്നു. ഇതുവഴി അണുബാധ ഒഴിവാക്കാനും പല്ലുകളുടെ ഘടന അതുപോലെതന്നെ നിലനിർത്താനും സാധിക്കുന്നു.
റൂട്ട് കനാൽ ചെയ്യുന്പോൾ വേദനിക്കുമോ?
റൂട്ട് കനാൽ ചികിത്സയെക്കുറിച്ച് ധാരാളം മിഥ്യാധാരണകൾ സാധാരണക്കാർക്കിടയിലുണ്ട്. അവയിലൊന്നാണ് റൂട്ട് കനാൽ ചെയ്യുന്നത് വളരെ വേദന ഉളവാക്കുന്നു എന്നുള്ളത്. ഇതു തികച്ചും തെറ്റായ ധാരണയാണ്.
റൂട്ട് കനാൽ ചികിത്സ തുടങ്ങുന്നതിനുമുന്പുതന്നെ പല്ലുകളും മോണയും മരവിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ വേദന നമ്മൾ അറിയുകയുമില്ല.
(തുടരും)