മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം മുപ്പത്തഞ്ചാം മൈലിൽനിന്നു മേലോരത്തിന് പോകുന്ന വഴിയിൽ കൊക്കയാർ പുഴയുടെ തീരത്തുള്ള പഴയ കോൺക്രീറ്റ് തൂണുകൾക്ക് പറയുവാനുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രകഥകൾ. നൂറു വർഷങ്ങൾക്കുമുമ്പ് 1924ൽ ചരക്കുനീക്കത്തിനായി ബ്രിട്ടീഷുകാർ നിർമിച്ച റോപ്വേയുടെ തൂണുകളുടെ അവശേഷിപ്പുകളാണിവ. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയം ഈസ്റ്റിലേക്ക് ആയിരുന്നു റോപ്വേ നിർമിച്ചത്.
ബ്രിട്ടീഷുകാർ പൂഞ്ഞാർ രാജകുടുംബത്തിൽനിന്നു പാട്ടത്തിനെടുത്ത മൂന്നാർ അടക്കമുള്ള ഇടുക്കിയുടെ മലമടക്കുകളിൽ തേയിലയും കുരുമുളകും കാപ്പിക്കുരുവും വിളയിച്ച കാലം. ഉത്പന്നങ്ങൾ വളരെ വേഗത്തിൽ മലയിറക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റോപ്വേയുടെ നിർമാണം. 1905ൽ സൗത്ത് ഇന്ത്യൻ ടീ എസ്റ്റേറ്റ് കമ്പനിയുടെ മാനേജരായി എത്തിയ ഇംഗ്ലീഷുകാരൻ റിച്ചാർഡ്സൺ തേയില അടക്കമുള്ള ഉത്പന്നങ്ങൾ കോട്ടയത്ത് എത്തിക്കുന്നതിന് ഇംഗ്ലണ്ടിൽനിന്നും ലോറികൾ എത്തിച്ചു.
കോട്ടയം – കുമളി റോഡിന്റെ നിർമാണം പൂർത്തിയാകാത്ത കാലം. മൺ വഴികളിലൂടെ പെരുവന്താനം മലമടക്കുകൾ താണ്ടി ലോറികൾക്ക് പീരുമേട്ടിലേക്ക് എത്തിച്ചേരാൻ സാധിച്ചില്ല. കാളവണ്ടികൾ ഉപയോഗിച്ച് മലയിറക്കുന്ന ചരക്കുലോറികളിലാണ് കോട്ടയത്തെത്തിച്ചിരുന്നത്. എന്നാൽ കിട്ടുന്ന പൈസകൊണ്ട് കാളകൾക്ക് തീറ്റ കൊടുക്കാൻ തികയാതെ വന്നതോടെ കാളവണ്ടിക്കാർ സമരം തുടങ്ങി. ഇതോടെയാണ് കുട്ടിക്കാനത്തുനിന്നും മുണ്ടക്കയം ഈസ്റ്റിലേക്ക് റോപ്വേ നിർമിക്കാൻ ബ്രിട്ടീഷുകാർ ആലോചന തുടങ്ങിയത്.
1912ൽ റി ച്ചാർഡ്സൺ ചെയർമാനായി ദി മുണ്ടക്കയം പീരുമേട് മോട്ടോർ ട്രാൻസ്പോർട്ട് ആൻഡ് ഏരിയൽ റോപ്വേ എന്ന കമ്പനി ആരംഭിച്ചു. 1914ൽ സർവേ നടത്തി റോപ്വേയുടെ നിർമാണം തുടങ്ങി. നിർമാണത്തിന് ആവശ്യമായ സാമഗ്രികളുമായി വന്ന കപ്പൽ ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് മെഡിറ്ററേനിയൻ കടലിൽ തകർക്കപ്പെട്ടു. ഇതോടെ റോപ്വേയുടെ നിർമാണം നിലച്ചു. യുദ്ധം അവസാനിച്ചതോടെ നിർമാണം തുടങ്ങിയ റോപ്വേ 1924ൽ പൂർത്തിയാക്കി.
തിരുവിതാംകൂർ രാജഭരണകാലത്ത് കുട്ടിക്കാനത്തുണ്ടായിരുന്ന പഴയ കുതിരാലയത്തിന് സമീപം 3000 അടി ഉയരത്തിൽനിന്ന് അഞ്ചു കിലോമീറ്റർ താഴ്ചയിലേക്ക് ഇരുമ്പ് തൂണുകളിൽ വടംകെട്ടിയായിരുന്നു റോപ്വേയുടെ നിർമാണം. അഞ്ചുവലിയ ഇരുമ്പു തൂണുകളിൽ ഇരുമ്പുവടം കെട്ടി രണ്ട് എൻജിനുകളുടെ സഹായത്തോടെയായിരുന്നു ഇതിന്റെ പ്രവർത്തനം. നൂറ്റാണ്ടുകൾക്കു മുൻപ് ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു അതി സാഹസികമായി റോപ്വേ നിർമാണം.
നിർമാണ വേളയിൽ നിരവധി ജീവനുകളും പൊലിഞ്ഞു. ഇപ്പോഴത്തെ പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽപ്പെട്ട പട്ടിക്കുന്ന്, മേക്കുന്നം, അഴങ്ങാട്, മേലോരം, മുണ്ടക്കയം ഈസ്റ്റ് എന്നിവിടങ്ങളിൽ ഇപ്പോഴും തൂണുകളുടെ അവശിഷ്ടങ്ങളുണ്ട്. 1924ൽ റോപ്വേയുടെ പ്രവർത്തനം ആരംഭിച്ചെങ്കിലും അധികകാലം ഇത് മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. പ്രതികൂല കാലാവസ്ഥ മൂലം പല സ്ഥലങ്ങളിലും വടംപൊട്ടി അപകടങ്ങളുണ്ടായി. ഇങ്ങനെയും മനുഷ്യജീവനുകൾ പൊലിഞ്ഞു.
സാങ്കേതിക പിഴവുമൂലം ഇരുമ്പുതൂണുകൾത്തന്നെ തകരുന്ന സാഹചര്യവുമുണ്ടായി. ഇതോടെ റോപ്വേയുടെ പ്രവർത്തനം താത്കാലികമായി നിലച്ചു. അപ്പോഴേക്കും കോട്ടയം – കുമളി റോഡ് ഭാഗികമായി സഞ്ചാരയോഗ്യമായി തീർന്നിരുന്നു. റോഡ് മാർഗം ചരക്കുനീക്കം ആരംഭിച്ചതോടെ റോപ്വേ വഴിയുള്ള ചരക്കുനീക്കം അവസാനിപ്പിച്ചു.
തകരാറിലായ റോപ്വേ നവീകരിക്കാതെ പിന്നീട് ഇവ കാലയവനികയിലേക്ക് മറയുകയായിരുന്നു.
സാന്റോ മണിയിലയിൽ