അത്താണി: വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിനെ കനത്ത പോലീസ് സന്നാഹങ്ങളോടെ മുളകുന്നത്തുകാവിലെ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നു. ഏതാനും ദിവസമായി നടുവേദനയും സന്ധിവേദനയുമുണ്ടെന്നു ജയിൽ അധികൃതരോടു പരാതിപ്പെട്ടതിനെത്തുടർന്നാണ് പരിശോധനയക്കായി ആശുപത്രിയിൽ എത്തിച്ചത്.
സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ യന്ത്രത്തോക്കുകളുമായി മുപ്പതോളം സായുധ പോലീസ് സേന സുരക്ഷാ സന്നാഹങ്ങളുമായി രൂപേഷിനൊപ്പം എത്തി. അസ്ഥിരോഗ വിഭാഗത്തിൽ ഡോക്ടറെ കാണാൻ രാവിലെ എട്ടരയോടെയാണ് രൂപേഷുമായി പോലീസ് സംഘം എത്തിയത്.
ഒൗട്ട്പേഷ്യന്റ് വിഭാഗത്തിൽ ഡോക്ടറെ കാണാൻ കാത്തുനിന്നിരുന്ന രോഗികളേയും മറ്റും നീക്കം ചെയ്താണ് രൂപേഷിനെ ഡോക്ടറെ കാണിച്ചത്. അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ ജേക്കബ് നിർദേശിച്ചതനുസരിച്ച് നട്ടെല്ലിന്റെ എക്സ് റേ എടുത്തു. പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
— ഫോട്ടോ അർജുനൻ–