നിലന്പൂർ: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാനുള്ള തദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ ഉത്തരവ് രണ്ടാം തവണയും ഉൗർങ്ങാട്ടിരി പഞ്ചായത്ത് നടപ്പാക്കിയില്ല.
റോപ് വേ അടക്കമുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ 25 ന് റിപ്പോർട്ട് ചെയ്യണമെന്നു ഉൗർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സമാന്റെ നവംബർ 30 ലെ ഉത്തരവാണ് നടപ്പാക്കാത്തത്.
നിലന്പൂർ സ്വദേശി എം.പി. വിനോദിന്റെ പരാതിയിലായിരുന്നു നടപടി. നേരത്തെ കഴിഞ്ഞ നവംബർ 30 തിനകം റോപ് വേയും അനധികൃത നിർമാണങ്ങളും പൊളിക്കാൻ സെപ്റ്റംബർ 22 ന് ഉത്തരവ് നൽകിയിരുന്നെങ്കിലും ആ ഉത്തരവും നടപ്പാക്കിയിരുന്നില്ല.
അതേസമയം റോപ് വേ പൊളിക്കാൻ 1,48,000 രൂപയുടെ അടങ്കൽ തയാറാക്കി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഇ.ആർ. ഓമന അമ്മാളുവിന്റെ വിശദീകരണം.
ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി. അൻവർ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു.
ഇതോടെയാണ് ഭാര്യാപിതാവ് സി.കെ. അബ്ദുൾ ലത്തീഫ് ഉൗർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നു റെസ്റ്റോറന്റ് കം ലോഡ്ജിംഗ് കെട്ടിടം പണിയാൻ അനുമതി നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിർമിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മേയ് 18ന് ഉൗർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നൽകിയെങ്കിലും റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല.
ഇതോടെയാണ് തദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചത്.ഉരുൾപൊട്ടലിനെ തുടർന്ന് കോഴിക്കോട് കളക്ടർ അടച്ചുപൂട്ടിയ പി.വി. അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വേയും. കേസ് ചൊവ്വാഴ്ച ഓംബുഡ്സ്മാൻ പരിഗണിക്കുന്നുണ്ട്.