വൈപ്പിൻ: വൈപ്പിൻ ഫോർട്ട് കൊച്ചി റോ റോ സർവീസിലെ രണ്ടാമത്തെ ജങ്കാർ പൂർണമായും സർവീസിനിറക്കാനാകാതെ കിൻകോ. വൈപ്പിൻ ജെട്ടിയിൽ റോ റോ ജങ്കാർ അടുപ്പിക്കാനായി നിർമിച്ചിട്ടുള്ള ഡോൾഫിൻ മൂറിംഗാണ് ഇപ്പോൾ ജങ്കാർ യാത്രക്ക് തടസമായി നിൽക്കുന്നത്. ഇതിന്റെ നിർമാണം അശാസ്ത്രീയമാണെന്നും ഇത് പൊളിച്ചുനീക്കിയാൽ മാത്രമേ ജങ്കാർ സുരക്ഷിതമായും സുഗമമായും അടുപ്പിക്കാൻ കഴിയുവെന്നാണ് പരിശീലനം സിദ്ധിച്ചവർ പറയുന്നത്.
നിർമാണം അശാസ്ത്രീയമാണെന്ന് പറഞ്ഞ് ജങ്കാർ ഓടിക്കുന്നതിനായി പരിശീലനത്തിനെത്തിയ അഞ്ചുപേരിൽ നാലുപേരും ഇതോടെ പരിശീലനം മതിയാക്കി ഇടയ്ക്കുവച്ച് മടങ്ങി. ഇതിനു മുന്പ് പരിശീലനം ലഭിച്ചവരുടെയും അഭിപ്രായം ഇത് തന്നെയായിരുന്നു. പക്ഷേ ഫോർട്ടുകൊച്ചി ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള മൂറിംഗ് പ്രശ്നങ്ങളില്ലെന്നും ഇവർ പറയുന്നു.
വൈപ്പിനിൽ കായൽ വന്നുചേരുന്നിടത്താണ് ജെട്ടി. ഇവിടെ വലിയതോതിൽ ഒഴുക്കുള്ളതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇതുമൂലം സുരക്ഷിതമായി ജങ്കാർ അടുപ്പിക്കാൻ ഡോൾഫിൻ മൂറിംഗ് തടസമാകുന്നുവെന്നാണ് ഡ്രൈവർമാർ പറയുന്നത്. പരിശീലനത്തിനു എത്തിയവർ തിരിച്ചു പോയതോടെ രണ്ടാമത്തെ ജങ്കാർ പൂർണമായും സർവീസിനിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് കിൻകോ.
സർവീസ് പൂർണമായും നടത്തണമെന്ന ആവശ്യവുമായി കിൻകോയെ സമീപിച്ചപ്പോൾ മൂറിംഗ് പൊളിച്ചു മാറ്റിയാൽ മാത്രമേ സർവീസ് പൂർണതോതിൽ നടത്താൻ കഴിയുവെന്ന് കിൻകോയും അഭിപ്രായപ്പെട്ടതായി വൈപ്പിൻ പാസഞ്ചേഴ്സ് അസോസിയേഷൻ നേതാക്കളായ ഫ്രാൻസീസ് ചമ്മിണി, ജെയിംസ് തറമേൽ എന്നിവർ അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ 28നു റോ റോ സർവീസ് ആരംഭിച്ചെങ്കിലും ഒരു ജങ്കാർ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ അഭാവമാണ് കാരണമായി പറഞ്ഞിരുന്നത്. ഇതിനിടെ യാത്രക്കാരുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റെയും വൈപ്പിൻ ജനകീയ കൂട്ടായ്മയുടേയും നിരന്തര സമ്മർദം മൂലം കഴിഞ്ഞ മാസം 15 മുതൽ രണ്ടാമത്തെ ജങ്കാർ ഭാഗീകമായി സർവ്വീസ് തുടങ്ങി.
ഈ മേഖലയിലെ വാഹനത്തിരക്ക് അനുസരിച്ച് രണ്ട് ജങ്കാറുകളും മുഴുവൻ സമയവും സർവീസ് നടത്തണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം. ഇതിനായി ഡോൾഫിൻ മൂറിംഗ് പൊളിച്ചു കളയണമെന്നും കോർപ്പറേഷൻ കൗണ്സിൽ തീരുമാനമെടുത്തതനുസരിച്ച് കന്പനി രൂപീകരിച്ച് സർവീസ് കന്പനിക്ക് കൈമാറണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസീസ് ചമ്മിണി ആവശ്യപ്പെട്ടു.