വൈപ്പിന്‍: ഫോര്‍ട്ട് കൊച്ചി- വൈപ്പിന്‍ റോ റോ സര്‍വീസിലെ രണ്ട് ജങ്കാറുകളില്‍ ഒന്നായ സേതുസാഗര്‍ നമ്പര്‍ -1 അറ്റകുറ്റപ്പണിക്ക് കയറ്റിയ സാഹചര്യത്തില്‍ തിരക്ക് കുറക്കാന്‍ നാളെ മുതല്‍ ഈ റൂട്ടില്‍ ഒരു ഫെറിബോട്ട് സര്‍വീസ് കൂടി ആരംഭിക്കും. ഇപ്പോള്‍ ഒരു ജങ്കാറിന്റെ സര്‍വീസ് മാത്രം ലഭിക്കുന്നതിനാൽ തിരക്ക് കൂടുകയാണ്.
രാവിലെ ഏഴു മുതല്‍ രാത്രി 8.30 വരെയാണ് സര്‍വീസ്. ഇത് രാത്രി 10 വരെ നീണട്ടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കിന്‍കോ ഇത് പരിഗണിക്കണമെന്ന് വൈപ്പിന്‍ – ഫോര്‍ട്ട് കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഫ്രാന്‍സിസ് ചമ്മിണി ആവശ്യപ്പെട്ടു.
മൂന്ന് ജങ്കാറുകളാണ് സര്‍വീസിനു വേണ്ടത്. രണ്ടെണ്ണം സര്‍വീസ് നടത്തുമ്പോള്‍ ഒരെണ്ണം സ്റ്റെപ്പിനിയായി വേണം. തകരാറു സംഭവിക്കുമ്പോഴോ ഇതുപോലെ അറ്റകുറ്റപ്പണികള്‍ നടത്താനായി കൊണ്ടുപോകുമ്പോഴോ തടസമില്ലാതെ സര്‍വീസ് നടത്താനാണിത്.
നേരത്തെ സ്വകാര്യ വ്യക്തിയെ സര്‍വീസ് നടത്താന്‍ കൊച്ചിന് കോര്പ്പറേഷന് കരാര്‍ കൊടുത്തിരുന്നപ്പോള്‍ ഇത്തരം ഒരു നിബന്ധനകൂടി ഉണ്ടായിരുന്നു.
എന്നാല്‍ ഈ നിബന്ധന സര്‍വീസ് കിന്‍കോയെ ഏല്പ്പിച്ചപ്പോഴുള്ള കരാറില്‍ ഉണ്ടോ എന്നത് വ്യക്തമല്ല. ഇതുമൂലം ജങ്കാറിനു കേടുപാടുകള്‍ സംഭവിക്കുമ്പോഴെല്ലാം ഇവിടെ സര്‍വീസ് താളം തെറ്റുന്നത് പതിവാണെന്ന് ഫോര്‍ട്ട് വൈപ്പിന്‍ ജനകീയക്കൂട്ടായ്മ കണ്‍വീനറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോണി വൈപ്പിന്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.