വൈപ്പിൻ: വ്യാഴാഴ്ച രാത്രി ഫോർട്ടുകൊച്ചിയിൽ റോ റോ ജങ്കാറിൽ നിന്ന് ബൈക്കും യാത്രക്കാരനും കായലിൽ പതിക്കാനുണ്ടായ കാരണം ജെട്ടിയിലെ സുരക്ഷാ വീഴ്ചയെന്ന് ഫോർട്ടുകൊച്ചി-വൈപ്പിൻ ഫെറി പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.
മുൻകാലങ്ങളിൽ ജങ്കാർ ജെട്ടി വിട്ടുപോകുന്നതിനു മുന്പായി തന്നെ ജെട്ടിയിലേക്കുളള പ്രവേശന കവാടത്തിൽ ഒരു ചങ്ങല വലിച്ചുകെട്ടി പ്രവേശനം തടയുമായിരുന്നു. ജെട്ടി വിടുന്ന ജങ്കാറിലേക്ക് ധൃതിയിൽ ഓടിയെത്തുന്ന വാഹനങ്ങളെ തടയാനാണ് ഇങ്ങിനെ ചെയ്തിരുന്നത്. മാത്രമല്ല ജങ്കാർ വിട്ട് പോയാലും ഒരു ജീവനക്കാരൻ ഇങ്ങിനെയെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ ജെട്ടിയിൽ തന്നെ ഉണ്ടാകും.
എന്നാൽ റോ റോ സർവീസ് ആരംഭിച്ചതിനുശേഷം ഈ സംവിധാനം നിലച്ചുവെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ പറയുന്നത്. ഇത് സർവീസ് ഏറ്റെടുത്ത് നടത്തുന്ന കിൻകോയുടെ ലാഭക്കൊതിമൂലമാണെന്നും അസോസിയേഷൻ ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ ജെട്ടിയിലെ സുരക്ഷ കൊച്ചിൻ കോർപറേഷൻ അധികൃതർ ഉറപ്പാക്കണമെന്നും ഇന്നലെയുണ്ടായ അപകടത്തിനു ഉത്തരവാദി കിൻകോ ആണെന്നും ബൈക്കുമായി കായലിൽ വീണ യാത്രക്കാരനുണ്ടായ നഷ്ടവും ചികിത്സാ ചെലവും കിൻകോ വഹിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസീസ് ചമ്മിണി ആവശ്യപ്പെട്ടു.