തൊടുപുഴ: നൂറിന്റെ നിറവിൽ റോസ മുത്തശി. 1200 പൂർണ ചന്ദ്രൻമാരെ കണ്ട അസുലഭ ഭാഗ്യത്തിനുടമയായ റോസ മുത്തശി നാലാം തലമുറയോടൊപ്പം നൂറാം ജൻമദിന വാർഷികം പിന്നിടുന്പോഴും പല്ലില്ലാത്ത മോണകാട്ടിയുള്ള നിറഞ്ഞ ചിരിയുമായി വെള്ളിയാമറ്റത്തുള്ള കുടുംബ വീട്ടിൽ ആഹ്ലാദം പങ്കിട്ടു. ഇന്നലെയായിരുന്നു റോസ മുത്തശിയുടെ നൂറാം പിറന്നാൾ.
കുറവിലങ്ങാട് നരിക്കുഴിയിൽ ചാക്കോ ജോസഫിന്റെയും ഏലിയുടെയും മകളായ റോസ 1917 ജൂലൈ 17-നാണ് ജനിച്ചത്. കുറവിലങ്ങാട് മർത്താമറിയം (കപ്പലു പള്ളി) ദേവാലയത്തിൽ മാമോദീസ സ്വീകരിച്ചു. പതിനഞ്ചാം വയസിൽ വെള്ളിയാമറ്റം മുതുകുളത്തേൽ വർക്കിയുടെ സഹധർമിണിയായി. ഈ ദാന്പത്യത്തിൽ ആറു മക്കൾ പിറന്നു. ഭർത്താവ് വർക്കിയും മക്കളിൽ രണ്ടു പേരും മരിച്ചു. ബാക്കി മക്കളും കൊച്ചുമക്കളും പേരക്കിടാങ്ങളുമായി നൂറാം വയസിലും ജീവിതം ആസ്വദിക്കുകയാണ് ഈ മുത്തശി.
പ്രായമിത്രയായിട്ടും ഓർമകൾക്ക് മങ്ങലേറ്റിട്ടില്ല. കുറവിലങ്ങാടു നിന്നും വെള്ളിയാമറ്റത്തേക്ക് നടന്നു വന്ന അനുഭവങ്ങൾ ഇന്നലെയെന്ന പോലെ വിവരിക്കും. വനപ്രദേശമായിരുന്ന വെള്ളിയാമറ്റത്ത് മണ്ണിനോടും മൃഗങ്ങളോടും മല്ലടിച്ച് വർക്കിയോടൊപ്പം ജീവിതം കരുപ്പിടിപ്പിച്ചു. ഒരു ദിവസം കൂലിപ്പണി ചെയ്താൽ കിട്ടുന്ന എട്ടു ചക്രം കൊണ്ട് ജീവിതം മുന്നോട്ടു നീക്കി.
വെള്ളിയാമറ്റത്ത് അന്ന് ഷെഡ് കെട്ടിയ ലത്തീൻ കത്തോലിക്കാ പള്ളിയിലായിരുന്നു ആരാധന. വിദേശ മിഷനറി വൈദികൻ ആയിരുന്നു പുരോഹിതൻ. സാധനങ്ങൾ വാങ്ങാൻ കാൽനടയായി തൊടുപുഴയിൽ എത്തണം. രോഗം വന്നാൽ ആശുപത്രിയില്ല. വൈദ്യൻമാർ ആയിരുന്നു ആശ്രയം. ഇത്തരം പഴയകാല ഓർമകൾ ഇപ്പോഴും റോസ മുത്തശിയുടെ ഓർമയിൽ നിറഞ്ഞു നിൽക്കുന്നു.
ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ മറ്റു ശാരീരിക ബുദ്ധിമുട്ടകൾ ഒന്നും തന്നെയില്ല. പുലർച്ചെ എഴുന്നേറ്റ് പ്രാർഥനകൾക്ക് ശേഷം പത്ര വായനയിലേക്ക് കടക്കും. പ്രധാന വാർത്തകളെല്ലാം വായിക്കുകയും മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യും. പള്ളിയിലും പതിവായി പോകും. സിനിമയും ടിവി കാണലുമാണ് ഹോബി. സിനിമയിൽ മോഹൻലാലാണ് ഇഷ്ട നായകൻ. തൊടുപുഴയിൽ കുടുംബാംഗങ്ങളോടൊത്ത് പുലിമുരുകൻ കണ്ടു.
ഇനിയും പൂർണ ചന്ദ്രൻമാരെ കാണാൻ ആരോഗ്യവതിയായി മുത്തശിക്കാകട്ടെ എന്നായിരുന്നു ജൻമദിനത്തിൽ ഒത്തു കൂടിയ കുടുംബാംഗങ്ങളുടെ ആശംസ. ത്രേസ്യാമ്മ, ചിന്നമ്മ, ഏലിയാമ്മ, മേരിക്കുട്ടി പരേതരായ സ്കറിയ, മറിയം എന്നിവരാണ് മക്കൾ.