കോട്ടയം: “ഞാനൊരു ക്രിസ്ത്യാനിയാണ്, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന വ്യക്തിയാണ്. ക്ഷമയുടെയും സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പാഠമാണ് അവിടെനിന്നു ലഭിക്കുന്നത്. ലോകത്തിനു മുമ്പില്‍ ഞാന്‍ ദരിദ്രയാണെങ്കിലും ദൈവത്തിനു മുമ്പില്‍ സമ്പന്നയാണ്’’- തന്റെ കാഴ്ച പരിമിതി മുതലാക്കി ലോട്ടറി മോഷ്ടിച്ചവരോട് ക്ഷമിച്ചുകൊണ്ട് കളത്തിപ്പടി പള്ളിക്കുന്ന് സ്വദേശി റോസമ്മ സുഭാഷ് പറഞ്ഞ വാക്കുകളാണിത്. ലോട്ടറിക്കള്ളന്മാരെ പെന്‍കാമറയില്‍ കുടുക്കി താരമായതിനു പിന്നാലെ റോസമ്മയുടെ വാക്കുകളും വൈറലായി.
കെകെ റോഡില്‍ കളത്തിപ്പടിക്കു സമീപം തട്ടില്‍ ലോട്ടറി വില്‍ക്കുകയാണ് റോസമ്മ. വില്‍പ്പന കഴിഞ്ഞ് പണവും ലോട്ടറിയുമായി ഒത്തുനോക്കുമ്പോള്‍ കണക്ക് പൊരുത്തപ്പെടാതെ വന്നതോടെയാണ് തട്ടിപ്പ് നേരിടുന്നതായി റോസമ്മയ്ക്ക് മനസിലായത്. കൂടുതല്‍ ലോട്ടറി എടുത്ത് എണ്ണം തെറ്റിച്ച് പറഞ്ഞും ടിക്കറ്റിന്റെ യഥാര്‍ഥ വില നല്‍കാതെയുമായിരുന്നു കാഴ്ചപരിമിതിയുള്ള റോസമ്മയെ പറ്റിച്ചിരുന്നത്.
കാഴ്ചപരിമിതിയുണ്ടെങ്കിലും ഡയലോഗ് കേട്ട് ടിവി സീരിയല്‍ ആസ്വദിക്കുന്നയാളാണ് റോസമ്മ. സീരിയലില്‍ പെന്കാമറയെക്കുറിച്ച് പറയുന്നതു കേട്ട് റോസമ്മ ഇതുപയോഗിച്ച് കള്ളന്മാരെ പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ ഓണ്‍ലൈനായി പെന്‍കാമറ വാങ്ങി. പ്രവര്‍ത്തനം പഠിച്ചു. ഒരു മാസമായി ഇതും വസ്ത്രത്തില്‍ ധരിച്ചായിരുന്നു ലോട്ടറി വില്‍പ്പന.
ദിവസവും മറ്റാരുടെയെങ്കിലും സഹായത്തോടെ ദൃശ്യം പരിശോധിക്കും. അപ്പോഴാണ് മൂന്നു പേര് പല ദിവസങ്ങളിലായി തന്നെ പറ്റിച്ചെന്നു മനസിലാക്കാന്‍ കഴിഞ്ഞത്. പിന്നീട് ഇതില്‍ രണ്ടു പേര് ടിക്കറ്റ് വാങ്ങാന്‍ വന്നപ്പോള്‍ റോസമ്മ കാര്യം പറഞ്ഞു.
ആദ്യം അവര്‍ എതിര്‍ത്തെങ്കിലും തെളിവുണ്ടെന്ന് പറഞ്ഞതോടെ കീഴടങ്ങി. പോലീസിനോട് പറയരുതെന്നും ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. തെറ്റ് സമ്മതിച്ചതിനാല്‍ അവരോടു ക്ഷമിച്ചതായും കേസിനു പോകുന്നില്ലെന്നുമാണ് റോസമ്മ പറയുന്നത്.