എടത്വ: ആകാശത്ത് കാർമേഘം ഉരുണ്ടുകൂടുന്പോൾ വീട്ടമ്മയ്ക്കും മക്കൾക്കും ഇനി ആധി ഉണ്ടാകേണ്ട. ദീപിക വാർത്ത തുണയായതോടെ വിധവയായ റോസമ്മയ്ക്കും മക്കൾക്കും സ്വപ്നഭവനം യാഥാർഥ്യമാകും. അടച്ചുറപ്പുള്ള വീട് നല്കാൻ സുമനസുകൾ എത്തിയപ്പോൾ വീട്ടമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു.
ഡോ. ജോണ്സണ് വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സൗഹൃദവേദി പ്രവർത്തകർ വാർത്ത അറിഞ്ഞു ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂര നന്നാക്കി കൊടുക്കാൻ വീട്ടിൽ എത്തി നില്ക്കുന്പോളാണ് ദൈവനിശ്ചയമെന്നോണം വികാസവാണി ഡയറക്ടറും നൂറനാട് സെന്റ് ജോണ്‍സ് ആശ്രമ അംഗവുമായ ഫാ. സിറിയക് തുണ്ടിയിൽ വീട്ടിലേക്ക് എത്തുന്നത്.
തലവടി പഞ്ചായത്ത് 12-ാം വാർഡിൽ വിരുപ്പിൽ റോസമ്മയുടെ വീടിന്റെ അവസ്ഥ ഇന്നലെ രാവിലെ ദീപികയിൽ നിന്ന് വായിച്ചശേഷം ഫാ. സിറിയക് തുണ്ടിയിൽ ദീപിക ഓഫീസിൽ വിളിച്ചു തിരക്കി വിലാസമെടുത്ത് സ്ഥലത്തെത്തുകയായിരുന്നു.
അച്ചനെത്തിയതോടെ സൗഹൃദ വേദി പ്രവർത്തകർ അതുവരെയുള്ള ആലോചനകൾക്കെല്ലാം മാറ്റം വരുത്തുകയായിരുന്നു. ഫാ. സിറിയക് തുണ്ടിയിൽ വീടിനു വേണ്ടുന്ന കല്ലും ഇഷ്ടികയും സിമന്റും ജി.ഐ. ഷീറ്റും വാഗ്ദാനം ചെയ്തതോടെ കൂടുതൽ സൗകര്യങ്ങളോടുകൂടി സിറ്റൗട്ട് ഉൾപ്പടെ അടച്ചുറപ്പുള്ള വീട് നിർമിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഫാ. സിറിയക് തുണ്ടിയിൽ ശില ആശീർവദിച്ച് പാകിയ ശേഷമാണ് മടങ്ങിയത്.
ആനപ്രന്പാൽ തെക്ക് നിത്യസഹായ മാതാ മലങ്കര കാതോലിക്ക പള്ളി വികാരി ഫാ. തോമസ് ആലുങ്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്, നിരണം ഇടവക വികാരി ഫാ. ഷിജു മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി.
സൗഹൃദ വേദി ചെയർമാൻ ഡോ. ജോണ്സണ് വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, ജെയിംസ് ചീരംകുന്നേൽ, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ, മനു സന്തോഷ്, സജി കൈപ്പള്ളിമാലിൽ, സജൻ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.