ആലപ്പുഴ: ചെട്ടിക്കാട് വീടിനുള്ളില്‍ കൊന്ന് കുഴിച്ചിട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റോസമ്മ രണ്ടാം വിവാഹം കഴിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് സഹോദരൻ ബെന്നി അരുംകൊല ചെയ്തത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റോസമ്മയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തയതിന് ശേഷം ബെന്നി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. എന്നാൽ ഈ വിവരം ആരും പോലീസിൽ അറിയിച്ചിരുന്നില്ല. ബെന്നിയും സഹോദരി റോസമ്മയും പൂങ്കാവ് പള്ളിക്ക് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.
ഇരുവരും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ സഹോദരിയെ കൊലപ്പെടുത്തിയെന്നും, തനിക്ക് കൈയബദ്ധം പറ്റിയതാണെന്നും ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഭർത്താവ് ഉപേക്ഷിച്ച് പോയ റോസമ്മയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. ശേഷം ബെന്നിക്ക് ഒപ്പമാണ് റോസമ്മ താമസിച്ചിരുന്നത്. ഇതിനിടെയാണ് രണ്ടാം വിവാഹത്തിനായി റോസമ്മ തീരുമാനമെടുത്തത്.