അജിത് മാത്യു
കൽപ്പറ്റ: രാജീവിന്റെ മകൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന് കേട്ട അന്നു മുതൽ ആവേശത്തിലാണ് വയനാട് പുൽപ്പള്ളി സ്വദേശി ചേറ്റാനിയിൽ റോസമ്മ. വർഷങ്ങൾക്ക് മുന്പ് രാജീവ് ഗാന്ധി ജില്ലയിലെത്തുന്നുണ്ടെന്ന് അറിഞ്ഞ റോസമ്മ ഭർത്താവ് ഒൗസേപ്പിനൊപ്പം ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ പൊരി വെയിലിൽ കാത്തുനിന്നത് ആറ് മണിക്കൂറാണ്.
1986 ലായിരുന്നു രാജീവ് ഗാന്ധിയുടെ വയനാട് സന്ദർശനം. രാജീവിനെ കാണുന്നതിനായി രാവിലെ പുറപ്പെട്ട റോസമ്മയും ഒൗസേപ്പും ഒന്പതോടെ ബത്തേരിയിലെത്തി. അസഹ്യമായ ചൂട് കാലമായിരുന്നു അതെന്ന് 83 കാരിയായ റോസമ്മ ഓർത്തെടുക്കുന്നു.
രാജീവിനെ കാണുന്നതിനായി ആയിരങ്ങളായിരുന്നു കോളജ് ഗ്രൗണ്ടിൽ തടിച്ച് കൂടിയിരുന്നത്. രാവിലെ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വൈകിട്ട് മൂന്നോടെയാണ് രാജീവ് എത്തിയത്. ഇതിനിടെ ചൂട് അസഹ്യമായതിനാൽ തിരിച്ചുപോകാം എന്ന് ഒൗസേപ്പ് പലതവണ പറഞ്ഞിരുന്നുവെങ്കിലും രാജീവിനെ കാണണമെന്നുള്ള ഇവരുടെ ആഗ്രഹത്തിന് മുന്നിൽ വഴങ്ങേണ്ടി വന്നു. അന്നും രാജീവിന് വധഭീഷണി ഉണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നതെന്ന് റോസമ്മ പറയുന്നു.
അന്ന് ഒരു കൈപ്പാടകലെ നിന്ന് രാജീവിനെ കണ്ടാണ് ഇരുവരും മടങ്ങിയത്.
നെഹ്റു കുടുംബത്തിലെ ഇളമുറക്കാരൻ ജില്ലയിൽനിന്നും ജനവിധി തേടുന്പോൾ എന്തെന്നില്ലാത്ത സന്തോഷത്തിലാണ് റോസമ്മ. രാഹുലും പ്രിയങ്കയും പത്രിക നൽകുന്നതിനായി കഴിഞ്ഞ നാലിന് ജില്ലയിലെത്തിയപ്പോൾ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നതായി ഈ അമ്മ പറയുന്നു.
രാഹുലും പ്രിയങ്കയും സോണിയയും ജില്ലയിൽ പ്രചാരണത്തിന് എത്തുമെന്ന് കോണ്ഗ്രസ് നേതൃത്വം പറയുന്നുണ്ടെങ്കിലും തിയതി വ്യക്തമാക്കിയിട്ടില്ല. ഇനിയൊരവസരമുണ്ടായാൽ ഇരുവരെയും അടുത്ത് കാണണമെന്നാണ് ഇവരുടെ ആഗ്രഹം.