ഹോട്ടലുടമയും പാചകവിദഗ്ധയുമായ ഇന്ത്യൻ വംശജയ്ക്ക് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെയും മേഗന്റെയും വിവാഹത്തിനു ക്ഷണം. മിസ് മാക്കറൂണ് എന്ന ഹോട്ടൽ ശൃംഖലയുടെ ഉടമയായ റോസി ജിൻഡെയ്ക്കാണ് രാജകീയ വിവാഹത്തിനു ക്ഷണം ലഭിച്ചത്.
പഞ്ചാബ് സ്വദേശികളായ മാതാപിതാക്കളുടെ മകളായ റോസി ഇംഗ്ലണ്ടിലാണു ജനിച്ചത്. ചെറുപ്പം മുതലേ പാചകത്തിൽ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന റോസി പിന്നീട് ഹോട്ടൽ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ഹോട്ടൽ നടത്തിപ്പിലൂടെ ലഭിക്കുന്ന വരുമാനം തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൊഴിൽ പരിശീലനം നല്കുന്നതിനായി ഉപയോഗിച്ചാണ് റോസി ശ്രദ്ധേയയാകുന്നത്. മാക്സ്മാഡ് എന്നാണ് ഈ സംരംഭത്തിന്റെ പേര്. തൊഴിൽരഹിതരായ നിരവധി യുവതീയുവാക്കളാണ് തൊഴിൽ പ്രാവീണ്യം നേടുന്നതിന് ഈ സംരംഭം പ്രയോജനപ്പെടുത്തുന്നത്.
ഏതാനും ദിവസങ്ങൾ മുന്പ് ഹാരിയും പ്രതിശ്രുതവധു മേഗനും തന്റെ ഹോട്ടലിൽ എത്തിയെന്നും മകറൂണ് രുചിച്ച ശേഷം തോഴിൽരഹിതർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളേപ്പറ്റി തിരക്കിയെന്നും റോസി പറഞ്ഞു.