കടവന്ത്ര: കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിനുമേൽ പതിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കടവന്ത്ര കൊപ്രന്പിൽ തൈപ്പോടത്ത് വീട്ടിൽ പരേതനായ ടി.പി. ജോസഫിന്റെ ഭാര്യ റോസിയാണു (84) ദാരുണമായി മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിനു പിന്നിൽ നിന്നിരുന്ന തെങ്ങാണു കടപുഴകി അടുക്കള ഭാഗത്തേക്കു പതിച്ചത്. ഇതിന്റെ ആഘാതത്തിൽ അടുക്കളയുടെയും ബാത്ത്റൂമിന്റെയും ഇടയിലുള്ള ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൊണ്ടു മേഞ്ഞ മേൽക്കൂര തകർന്നുവീണു.
വീടിന്റെ പിൻഭാഗത്തുനിന്ന് വെള്ളവുമായി ബാത്ത്റൂമിലേക്കു കയറാൻ തുടങ്ങുകയായിരുന്ന വീട്ടമ്മയ്ക്കുമേലെയാണു തകർന്നുവീണ മേൽക്കൂരയുടെ ഭാഗങ്ങൾ വീണത്. തെങ്ങ് സമീപത്തെ മാവിൽ ഇടിച്ചശേഷമാണു വീടിനു മുകളിലേക്കു പതിച്ചത്. തെങ്ങിനൊപ്പം മാവിന്റെ കൊന്പും ഒടിഞ്ഞു വീണു.
സംഭവസമയം, ഇളയമകൻ ഷിജുവിന്റെ കുട്ടികൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ റോസിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ കടവന്ത്ര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കടവന്ത്ര സെന്റ് ജോസഫ് പള്ളിയിൽ. മറ്റുമക്കൾ: ടോമി, ജോണ്സണ്, ജോജി, ജോസി, ജോളി, ബാബു, ഷൈനി, ഷിനി. മരുമക്കൾ: റോസിലി, ഷെറിൻ, ജിജി, റോസിലി, സിജി, സ്വപ്ന, ബിനു, മാത്തച്ചൻ, ജീസണ്‍.