ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: ആത്മവിശ്വാസത്തിന്റെ പെണ്രൂപമായ റോസ് ഏബ്രഹാം 33 വർഷത്തെ സ്തുത്യർഹസേവനത്തിനുശേഷം ഇന്ന് എസ്ബിഐയുടെ പടിയിറങ്ങും; വിധി തളർത്തിയിട്ടും കീഴടങ്ങാത്ത മനസോടെ…
ജനിച്ച് ഒരു വർഷവും രണ്ടുമാസവും ഉള്ളപ്പോഴാണു ഇരിങ്ങാലക്കുട കുരിശങ്ങാടി ചക്കാലക്കൽ ഏബ്രഹാം – ഗ്രേസ് താണ്ട ദന്പതികളുടെ നാലാമത്തെ മകളായ റോസിനു പോളിയോ ബാധിച്ചത്.
പിന്നീടവൾ വീൽചെയറിൽനിന്ന് എഴുന്നേറ്റിട്ടില്ല. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലുൾപ്പടെ നിരവധി ആശുപത്രികളിൽ ചികിത്സ. പക്ഷേ, ശരീരം പൂർണാരോഗ്യത്തിലായില്ല. കഴുത്തിനു താഴേക്കു തളർന്നു.
എന്നാൽ, തളരാത്ത മനസായിരുന്നു റോസിന്റെ കരുത്ത്. ആറാം ക്ലാസുവരെ വീട്ടിൽതന്നെയായിരുന്നു പഠനം. ഏഴാം ക്ലാസ് മുതൽ ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലേക്കു റിക്ഷയിൽ പോയിവരും. അനുജത്തി എലിസബത്തിനൊപ്പം സെന്റ് ജോസഫ്സ് കോളജിലായിരുന്നു പ്രീഡിഗ്രിയും ഡിഗ്രിയും. പഠനത്തിൽ മിടുക്കിയായിരുന്നു; 1980 ൽ പ്രീ ഡിഗ്രിക്കു കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ മൂന്നാംറാങ്ക്.
28-ാം വയസിൽ തൃശൂർ വിജയ ബാങ്കിൽ ജോലി ലഭിച്ചു. യാത്രാ ബുദ്ധിമുട്ടു കാരണം ഒരാഴ്ചയ്ക്കകം ജോലി രാജിവച്ചു. പിന്നീട് ഇരിങ്ങാലക്കുട എസ്ബിഐ ബാങ്കിൽ ക്ലർക്കായി നിയമനം. റോസിന്റെ 60-ാം ജന്മദിനമായിരുന്നു ഇന്നലെ. അതോടെ നീണ്ട 33 വർഷത്തെ സേവനത്തിനു വിരാമമിടുകയാണ് ഇന്ന്.
ദിവസവും ജോലിക്കു കൊണ്ടുവരുന്നതും തിരികെ കൊണ്ടുവിടുന്നതും ബാങ്കിലെ താത്കാലിക ജീവനക്കാരിയായ ശാന്തയായിരുന്നു. ഒപ്പം ഒട്ടോക്കാരൻ ജോസ് മഠത്തിപ്പറന്പിലും. രാവിലെ വീട്ടിൽനിന്നു താങ്ങിയെടുത്ത് ഓട്ടോയിൽ കയറ്റും.
ബാങ്കിലെത്തിയാൽ ഓട്ടോയിൽനിന്നും താങ്ങി എടുത്ത് കാബിനിലെത്തിക്കും. ഇന്നു ബാങ്കിലെ സഹപ്രവർത്തകർ ചേർന്നു യാത്രയയപ്പു നടത്തുന്നുണ്ട്. ഇനി വീട്ടിൽ അമ്മയോടും സഹോദരൻ ജോണിനോടുമൊപ്പം സ്വസ്ഥം വിശ്രമം.