ഹെല്‍മറ്റ് ധരിച്ചതിന് പോലീസ് നല്‍കിയ റോസാപ്പൂ അഭിനന്ദനം യുവാവിന്റെ കുടുംബജീവിതത്തിന് ഭീഷണിയായി! അവസാനം പ്രശ്‌നം പരിഹരിക്കാന്‍ പോലീസിനെ തന്നെ സമീപിച്ച് യുവാവ്

പൗരന്മാരുടെ ജീവനും ജീവിതവും സംരക്ഷിക്കാനുള്ളവര്‍ തന്നെ അത് തമ്മില്‍ തല്ലി കലാശിക്കാന്‍ കാരണക്കാരായാല്‍ എന്ത് ചെയ്യാന്‍ പറ്റും. നിയമം അനുസരിച്ചതിന് ലഭിച്ച സമ്മാനം തന്നെ ജീവിതം തകരാനുള്ള കാരണമാവേണ്ടിയിരുന്ന സമയത്ത് ഒരു യുവാവ് അതില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ലഖ്‌നൗവില്‍ നടന്ന സംഭവമിങ്ങനെ…

റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ലഖ്‌നൗ പോലീസ് റോഡിലൂടെ പോകുന്ന ഹെല്‍മെറ്റ് ധാരികള്‍ക്കെല്ലാം റോസാപ്പൂക്കള്‍ സമ്മാനമായി കൊടുത്തു. നിയമം പാലിക്കുന്ന ഉത്തമപൗരനെന്ന നിലയില്‍ സമ്മാനം ലഭിച്ചതിന്റെ ആത്മനിര്‍വൃതിയോടെ അയാള്‍ വീട്ടിലെത്തി. അഭിനന്ദനം പ്രതീക്ഷിച്ച ഭാര്യയില്‍ നിന്നുണ്ടായത് പക്ഷേ സംശയം.

ഏതുവിധേനയും ഭാര്യയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അയാള്‍ വീണ്ടും വണ്ടിയുമെടുത്ത് പുറപ്പെട്ടു. റോസാപ്പൂ നല്‍കിയ പോലീസുകാരന്റെ അടുത്തെത്തി വീട്ടില്‍ നടന്നതെല്ലാം പറഞ്ഞു. പോലീസുകാരന്‍ തന്റെ ഫോണില്‍ അല്‍പനേരം പരതി.

യുവാവ് റോസാപ്പൂ സ്വീകരിക്കുന്ന ഫോട്ടോ അതിലുണ്ടായിരുന്നു. ആ ഫോട്ടോ കാണിച്ചാണ് യുവാവ് ഭാര്യയുടെ സംശയമകറ്റിയത്. യുവാവിന് റോസാപ്പൂ നല്‍കിയ പ്രേം സഹി എന്ന പോലീസുകാരനാണ് സംഭവത്തെക്കുറിച്ച് ലോകത്തെ അറിയിച്ചതും.

Related posts