തൊടുപുഴ: റോസ് മരിയ സെബാസ്റ്റ്യന് വയസ് 13 മാത്രം, പക്ഷേ ഇതുവരെ വരച്ചത് ജീവൻ തുടിക്കുന്ന 4500 ചിത്രങ്ങൾ. പൊന്മുടി അന്പഴത്തിനാൽ സെബാസ്റ്റ്യൻ – ഷേർളി ദന്പതികളുടെ ഇളയ മകളായ റോസ് തന്റെ മാന്ത്രിക വിരലുകൾകൊണ്ട് വർണ വിസ്മയം തീർക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്.
രാജാക്കാട് ജിഎച്ച്എസ്എസിലായിരുന്നു അന്ന് അധ്യയനം നടത്തിയിരുന്നത്. ചിത്രരചനയിലുള്ള താത്പര്യവും അഭിരുചിയും കണ്ടപ്പോൾ സ്കൂളിലെ ചിത്രരചന അധ്യാപകനായ തോമസ് മാഷിന്റെ കീഴിൽ പരിശീലനം നൽകി. പിന്നീട് കണ്മുന്നിൽ മിന്നിമറയുന്ന കാഴ്ചകൾ കാൻവാസിൽ പകർത്തി സൃഷ്ടിയുടെ വസന്തം തീർക്കുകയാണ് ഈ കൊച്ചുമിടുക്കി.
പ്രകൃതിയും പൂക്കളും പക്ഷികളും ജനനേതാക്കളും ക്രിക്കറ്റ് താരങ്ങളും എല്ലാം റോസിന്റെ വരയുടെ ലോകത്തെ നിറക്കാഴ്ചകളാണ്.ഈശോ, മാതാവ്, മദർ തെരേസ, ഫ്രാൻസിസ് പാപ്പ, സിസ്റ്റർ റാണി മരിയ, ശ്രീനാരായണഗുരു തുടങ്ങി ആത്മീയ പരിവേഷമുള്ള ചിത്രങ്ങളും ഒട്ടനവധി.
രക്ഷിതാക്കളുടെ ക്രൂരപീഡനത്തിനിരയായ ഷെഫീക്കിനെ സ്വപ്നത്തിലെ അമ്മയോടൊപ്പം എന്ന അടിക്കുറിപ്പോടെ വരച്ചപ്പോൾ അത് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയ സൃഷ്ടിയായി. പതിനാലാം കേരള നിയമസഭയിലെ എല്ലാ സാമാജികരുടെയും മിഴിവാർന്ന ചിത്രം വരച്ച് ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി.
140 എംഎൽഎമാരുടെയും ചിത്രം 20 ദിവസം കൊണ്ടാണ് വരച്ചു തീർത്തത്. വാട്ടർ കളർ, ഓയിൽ പെയിന്റിംഗ് തുടങ്ങിയ സാങ്കേതങ്ങളാണ് ചിത്രരചനയ്ക്ക് ഉപയോഗിക്കുന്നത്. ഫാബ്രിക് പെയിന്റിംഗിനോടും ഓയിൽ പെയിൻറിംഗിനോടുമാണ് ഏറെ പ്രിയം. ആകാശനീലിമയാണ് ഇഷ്ടനിറം.
വിരൽത്തുന്പിൽ ഒരു ചിത്രം പൂർത്തിയാക്കാൻ ഒരു മണിക്കൂർ മതി. മാതാപിതാക്കളുടെയും മധുര അണ്ണാ ഫാത്തിമ കോളജിൽ പഠിക്കുന്ന സഹോദരൻ കിരണിന്റെയും അധ്യാപകരുടെയും പ്രോത്സാഹനമാണ് ചിത്രരചനയ്ക്ക് പ്രചോദനം പകരുന്നതെന്ന് റോസ് പറഞ്ഞു. ഇപ്പോൾ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിലാണ് റോസിന്റെ പഠനം. തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ നടന്നുവരുന്ന സംസ്ഥാന കാർഷിക മേളയിൽ ഇൗ കൊച്ചു മിടുക്കിയുടെ ചിത്രപ്രദർശന സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.